അര്‍ജുന് നല്‍കിയ വാക്ക് പാലിച്ച് കെബി ഗണേഷ് കുമാര്‍ എംഎല്‍എ: വീടിന് തറക്കല്ലിട്ടു

കൊല്ലം: വീടില്ലാത്ത സങ്കടം പറഞ്ഞെത്തിയ ഏഴാം ക്ലാസുകാരന്‍ അര്‍ജുന് നല്‍കിയ വാഗ്ദാനം പാലിച്ച് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. വീട് നിര്‍മ്മാണത്തിനുള്ള
ആദ്യഘട്ടം പൂര്‍ത്തിയാക്കിയിരിക്കുകയാണ് എംഎല്‍എ. സന്തോഷത്താല്‍ തുടികൊട്ടുന്ന ഹൃദയവും തിളങ്ങുന്ന കണ്ണുകളുമായി സമീപത്ത് നില്‍ക്കുന്ന അര്‍ജുനേയും മറ്റുള്ളവരേയും സാക്ഷിയാക്കി വീടിന്റെ തറകല്ലിടല്‍ കര്‍മം ഗണേഷ് കുമാര്‍ നിര്‍വഹിച്ചു.

എംഎല്‍എ ആദ്യം കാണാനെത്തിയപ്പോള്‍ കരഞ്ഞുകൊണ്ടിരുന്ന അര്‍ജുന്‍ ഇന്ന് സന്തോഷത്തിന്റെ നിമിഷമാണ്. മൂന്ന് മാസത്തിനുള്ളില്‍ വീടിന്റെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗണേഷ് കുമാര്‍ പറഞ്ഞു. നിര്‍മാണം പൂര്‍ത്തിയാകുന്ന വീടിന്റെ രേഖാചിത്രവും അദ്ദേഹം കാണിച്ചു. തന്റെ ആഗ്രഹമറിഞ്ഞ് വേണ്ടത് ചെയ്യുന്ന എംഎല്‍എയ്ക്ക് അര്‍ജുന്‍ ഉമ്മ നല്‍കി. താനൊരു നിമിത്തം മാത്രമാണെന്നും ഈ വീട് നിര്‍മിച്ചു നല്‍കുന്നത് താനല്ലെന്നും തന്നെ സ്നേഹിക്കുന്ന നാട്ടുകാരാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

അര്‍ജുന് നല്ലൊരു വീടുവെച്ച് നല്‍കാമെന്നും അവിടെ ഒരു മുറി അര്‍ജുന് പഠിക്കാനായി മാറ്റിവെക്കുമെന്നും പഠിക്കാനാവശ്യമായ മേശയും കസേരയും മറ്റെല്ലാ സാധനങ്ങളും വാങ്ങിത്തരുമെന്നും ഗണേഷ് കുമാര്‍ അര്‍ജുനെ കെട്ടിപ്പിടിച്ച് പറയുന്ന വീഡിയോ നേരത്തെ വൈറലായിരുന്നു. വീഡിയോ കണ്ട് നിരവധി പേര്‍ തന്നെ ബന്ധപ്പെട്ടതായും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത പുതിയ വീഡിയോയില്‍ ഗണേഷ് കുമാര്‍ പറയുന്നുണ്ട്. ഭാര്യ ബിന്ദു മേനോനും ഗണേഷ് കുമാറിനൊപ്പമുണ്ടായിരുന്നു. അര്‍ജുനും അഞ്ജുവിനുമുള്ള സമ്മാനങ്ങള്‍ ബിന്ദു മേനോന്‍ കൈമാറി.

പത്തനാപുരം കമുകുംചേരി സ്വദേശിയായ അഞ്ജുവിന്റെ മകനാണ് അര്‍ജുന്‍. കമുകുംചേരിയില്‍ ‘നവധാര’യുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ജില്ലാ പഞ്ചായത്തംഗം സുനിത രാജേഷ് അര്‍ജുന്റെ കാര്യം ഗണേഷ് കുമാറിനോട് പറഞ്ഞത്. പഠനത്തിലും മറ്റും മിടുക്കനായ കുട്ടിയാണെന്നും അര്‍ജുന് അമ്മ മാത്രമേയുള്ളുവെന്നും സുനിത രാജേഷ് പറഞ്ഞു.

തുടര്‍ന്നായിരുന്നു ഗണേഷ് കുമാര്‍ സഹായം അറിയിച്ചത്. അര്‍ജുനോട് എവിടംവരെ പഠിക്കണോ അവിടെവരെ പഠിക്കണമെന്നും താന്‍ പഠിപ്പിക്കുമെന്നും തന്റെ നാലാമത്തെ മകനെപ്പോലെ നോക്കുമെന്നും വീട് വെച്ച് നല്‍കുമെന്നും ഗണേഷ് കുമാര്‍ വാക്ക് പറഞ്ഞിരുന്നു.

Exit mobile version