മകളുടെ വിവാഹം: 17 വര്‍ഷത്തിനൊടുവില്‍ ആദ്യമായി പുറത്തിറങ്ങി കൊടും ക്രിമിനല്‍ റിപ്പര്‍ ജയാനന്ദന്‍

തൃശൂര്‍: പതിനേഴ് വര്‍ഷത്തെ നീണ്ട ജയില്‍ വാസത്തിനൊടുവില്‍ ആദ്യമായി പരോളിലിറങ്ങി കൊടും കുറ്റവാളി റിപ്പര്‍ ജയാനന്ദന്‍. മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണ് ജയാനന്ദന് പരോള്‍ ലഭിച്ചത്. വടക്കുംനാഥ ക്ഷേത്രത്തില്‍ വെച്ച് നാളെയാണ് മകളുടെ വിവാഹം. പോലീസ് അകമ്പടിയോടെയായിരിക്കും ജയാനന്ദന്‍ വിവാഹത്തില്‍ പങ്കെടുക്കുന്നത്.

ഹൈക്കോടതിയിലെ അഭിഭാഷകയായ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് പരോള്‍ ലഭിച്ചത്. വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന റിപ്പര്‍ ജയാനന്ദന്‍ ഇന്ന് രാവിലെ 9 മണിയോടെയാണ് പുറത്തിറങ്ങിയത്. മൂത്ത മകളുടെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാനായി രണ്ട് ദിവസത്തെ എസ്‌കോട്ട് പരോളാണ് ഹൈക്കോടതി അനുവദിച്ചത്. രാവിലെ ഒന്‍പതിനു പുറത്തിറങ്ങിയ ജയാനന്ദനെ ഇന്ന് വൈകിട്ട് 5ന് ജയിലില്‍ തിരികെ എത്തിക്കും.

പുത്തന്‍വേലിക്കര കൊലക്കേസ്, മാള ഇരട്ടക്കൊലക്കേസ്, പെരിഞ്ഞനം കേസ് ഉള്‍പ്പടെ 24 കേസുകളില്‍ പ്രതിയാണ് ജയാനന്ദന്‍. സ്ത്രീകളെ തലക്കടിച്ച് വീഴ്ത്തിയതിനു ശേഷം സ്വര്‍ണം മോഷ്ടിക്കുന്നതായിരുന്നു ജയാനന്ദന്റെ രീതി. വളരെ അപകടകാരിയും കുറ്റവാളിയുമായ ജയാനന്ദന് ജീവിതാവസാനം വരെ കഠിന തടവാണ് കോടതി വിധിച്ചത്.

Exit mobile version