പാകം ചെയ്തുകൊണ്ടിരിക്കെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കുടുംബശ്രീ ജനകീയ ഹോട്ടലിന് തീ പിടിച്ചു, ജീവനക്കാര്‍ പുറത്തേക്കോടി

പൊട്ടിത്തെറിച്ച് ഗ്യാസ് സിലിണ്ടറിന്റെ അവശിഷ്ടങ്ങള്‍ ഏകദേശം 200 മീറ്റര്‍ അകലെ ഒഴിഞ്ഞ പറമ്പില്‍ നിന്നും കണ്ടെടുത്തു.

പാലക്കാട്: പാകം ചെയ്തുകൊണ്ടിരിക്കെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു കുടുംബശ്രീ ജനകീയ ഹോട്ടലിന് തീ പിടിച്ചു. പാലക്കാട് പുതുശ്ശേയില്‍ കുടുംബശ്രീ ജനകീയ ഹോട്ടലിലാണ് സംഭവം. ജീവനക്കാര്‍ ഹോട്ടലില്‍ പുറത്തേക്ക് ഓടിയതിനാല്‍ വന്‍ അപകടം ഒഴിവായി. കഞ്ചിക്കോട് അഗ്‌നി രക്ഷാസേനാംഗങ്ങള്‍ ഹോട്ടലിലെ തീ അണച്ചു.

ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കുടുംബശ്രീ ജീവനക്കാര്‍ അറിയിച്ചു. പൊട്ടിത്തെറിച്ച് ഗ്യാസ് സിലിണ്ടറിന്റെ അവശിഷ്ടങ്ങള്‍ ഏകദേശം 200 മീറ്റര്‍ അകലെ ഒഴിഞ്ഞ പറമ്പില്‍ നിന്നും കണ്ടെടുത്തു. സിലിണ്ടര്‍ പൊട്ടി തെറിച്ചതിന്റെ ആഘാതത്തില്‍ തൊട്ടടുത്തുള്ള ട്രാക്ടര്‍ ഏജന്‍സിയുടെ ഓഫീസിലും കേടുപാടുകള്‍ സംഭവിച്ചു.

അതേസമയം, ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. ആറളം ഫാമിലെ താമസക്കാരന്‍ ആയ രഘു (43) ആണ് മരിച്ചത്. മൃതദേഹം പേരാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയില്‍ ബന്ധുക്കള്‍ സംഭവത്തില്‍ പ്രതിഷേധിച്ചു. ഇന്ന് ഉച്ചയോടെയാണ് ആറളം ഫാമിനകത്ത് സംഭവം നടന്നത്.

രഘു കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ സംഘടിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് രഘു വിറക് ശേഖരിക്കാന്‍ സുഹൃത്തിനൊപ്പം കാടിനുള്ളിലേക്ക് പോയത്. ഇവിടെ പച്ചിലകള്‍ക്കിടയില്‍ മറഞ്ഞ് നിന്നിരുന്ന ആന ഇവരെ ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. രഘു ഓടുന്നിതിനിടെ വീണു. ഇയാളെ ആന ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Exit mobile version