പോലീസ് ജീപ്പില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമം: ഗുരുതര പരുക്കേറ്റ പ്രതി മരിച്ചു

തൃശൂര്‍: പോലീസ് ജീപ്പില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി(30)യാണ് പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. ഓടുന്ന വാഹനത്തില്‍ നിന്നും ചാടി റോഡിലേക്ക് വീണ പ്രതിയുടെ തലയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നു.

മദ്യലഹരിയില്‍ ബഹളം വെച്ച് കത്തിക്കാട്ടി ആളുകളെ ഭീഷണിപ്പെടുത്തുന്ന സമയത്താണ് സനുവിനെ തൃശൂര്‍ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി വിയ്യൂരിലെ കസ്റ്റഡി കേന്ദ്രത്തിലേക്ക് കൊണ്ടു പോകുന്നതിനിടെ അശ്വനി ആശുപത്രി ജംഗ്ഷനെത്തിയപ്പോള്‍ പോലീസ് വാഹനത്തില്‍ നിന്നും ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പ്രതിയെ പോലീസ് വാഹനത്തില്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് പ്രതി മരണപ്പെട്ടത്.

Exit mobile version