സുബിയ്ക്ക് കരള്‍ നല്‍കാന്‍ കസിന്‍ തയ്യാറായിരുന്നു: നടപടികള്‍ എല്ലാം പൂര്‍ത്തിയായിരുന്നു; ആശുപത്രിയ്ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മെഡിക്കല്‍ സൂപ്രണ്ട്

കൊച്ചി: നടി സുബി സുരേഷിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം ഒന്നടങ്കം. സുബിയുടെ മരണത്തില്‍ തങ്ങളുടെ ഭാഗത്തുനിന്നും
നിന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു.

കരള്‍ മാറ്റിവെക്കലിന് കാലതാമസമുണ്ടായത് സുബിയുടെ മരണത്തിന് കാരണമായെന്ന തരത്തില്‍ ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രി അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. കരള്‍ മാറ്റിവെക്കല്‍ നടപടികളില്‍ കാല താമസം നേരിട്ടില്ല. സുബി ആശുപത്രിയില്‍ എത്തിയത് രോഗം ഗുരുതരമായതോടെയെന്നും സൂപ്രണ്ട് അറിയിച്ചു.

കരള്‍ മാറ്റിവെക്കാന്‍ കൃത്യമായ നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നും ദാതാവിനെ കണ്ടുപിടിക്കുന്നത് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി, ഇന്ന് അനുമതി ലഭിക്കാനിരിക്കെയാണ് മരണം സംഭവിച്ചതെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

സുബിയുടെ അമ്മയുടെ സഹോദരിയുടെ മകള്‍ ആണ് കരള്‍ നല്‍കാന്‍ തയ്യാറായത്. നടപടികള്‍ പുരോഗമിക്കുന്നതിനിടെ വൃക്കയ്ക്ക് അസുഖം ബാധിച്ചതിനെത്തുടര്‍ന്ന് സുബിയെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നുവെന്ന് നടനും സുഹൃത്തുമായ ടിനി ടോം അറിയിച്ചു.

കരള്‍ മാറ്റിവയ്ക്കാനുള്ള എല്ലാ നടപടികളും ശനിയാഴ്ചയോട് കൂടി പൂര്‍ത്തിയാക്കിയിരുന്നു. പക്ഷേ അതിനിടെ സുബിയുടെ സ്ഥിതി മോശമായി. വൃക്കയില്‍ അണുബാധയുണ്ടായി, മറ്റു അവയവങ്ങളിലേക്കും അത് പടര്‍ന്നു. അതിനിടെ രക്തസമ്മര്‍ദ്ദം കൂടി. അതിനാല്‍ ശസ്ത്രക്രിയ ചെയ്യാന്‍ സാധിച്ചില്ല. കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റി. ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തു. പക്ഷേ രക്ഷിക്കാനായില്ല, ടിനി ടോം പറഞ്ഞു.

ഇന്ന് രാവിലെയായിരുന്നു സുബി സുരേഷിന്റെ അന്ത്യം. ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയായിരുന്നു അന്ത്യം. 41 വയസായിരുന്നു. സംസ്‌കാരം നാളെ നടക്കും.

Exit mobile version