ട്രാന്‍സ്മാന് ഒരിക്കലും പ്രസവിക്കാനാവില്ല: പുരുഷന്‍ പ്രസവിച്ചെന്ന് പ്രചരിപ്പിക്കുന്നവര്‍ മൂഢരുടെ സ്വര്‍ഗത്തിലാണ്; എംകെ മുനീര്‍

കോഴിക്കോട്: ട്രാന്‍സ് ദമ്പതികളായ സഹദിനും സിയയ്ക്കും കുഞ്ഞ് പിറന്നതില്‍ പുരുഷന്‍ പ്രസവിച്ചുവെന്ന് പ്രചരിപ്പിക്കുന്നവര്‍ മൂഢരുടെ സ്വര്‍ഗത്തിലാണെന്ന് എംകെ മുനീര്‍ എംഎല്‍എ. ട്രാന്‍സ്മാന് ഒരിക്കലും പ്രസവിക്കാനാവില്ലെന്ന് ആദ്യം മനസിലാക്കണം. പുരുഷന്‍ പ്രസവിച്ചുവെന്ന പ്രചാരണമാണ് മാധ്യമങ്ങള്‍ പോലും നടത്തുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന വിസ്ഡം ഇസ്ലാമിക് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുറം തോടില്‍ പുരുഷനായി മാറിയപ്പോഴും യഥാര്‍ത്ഥത്തില്‍ സ്ത്രീയായത് കൊണ്ടാണ് പ്രസവിക്കാന്‍ കഴിഞ്ഞത്. പുരുഷന്‍ പ്രസവിച്ചുവെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്നും എംകെ മുനീര്‍ പറഞ്ഞു. ഒരുമിച്ചുള്ള ജീവിതത്തിനിടയില്‍ കുഞ്ഞ് വേണമെന്ന സിയ പവലിന്റെയും സഹദിന്റെയും സ്വപ്നമാണ് ഒടുവില്‍ പൂവണിഞ്ഞത്. ട്രാന്‍സ് പുരുഷന്‍ ആയ സഹദാണ് കുഞ്ഞിന് ജന്മം നല്‍കിയത്.

ട്രാന്‍സ് വ്യക്തികളായെങ്കിലും ഇരുവരുടെയും ശരീരം മാറ്റത്തിന്റെ പാതിവഴിയിലാണ്. സഹദ് ഹോര്‍മോണ്‍ തെറപ്പിയും ബ്രസ്റ്റ് റിമൂവലും ചെയ്തു. ഗര്‍ഭപാത്രം നീക്കാനുള്ള ശസ്ത്രക്രിയയുടെ ഘട്ടമെത്തിയപ്പോഴാണ് കുഞ്ഞെന്ന ആഗ്രഹം പിറന്നത്. സിയയാവട്ടെ ട്രാന്‍സ് സ്ത്രീയാവാനുള്ള ശസ്ത്രക്രിയക്ക് വിധേയയായിരുന്നുമില്ല.

‘സൊസൈറ്റി എന്ത് വേണമെങ്കിലും പറയട്ടെ, നമുക്ക് മുന്നോട്ട് പോകാമെന്നായിരുന്നു സഹദ് പറഞ്ഞത്. എല്‍ജിബിടി കമ്യൂണിറ്റിയിലെ ആദ്യ കുഞ്ഞല്ലേ, അതിന്റെ സന്തോഷത്തിലാണ് എല്ലാവരും’- സിയ പവല്‍ പരഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിലാണ് സഹദിന്റെ ഗര്‍ഭപരിചരണ ചികിത്സ. ‘ഞാനൊരു പുരുഷനല്ലേ, അതുകൊണ്ട് ആദ്യം സ്വീകരിക്കാന്‍ പറ്റിയില്ല. പിന്നെ, നമ്മുടെ കുഞ്ഞല്ലേ, എന്തിനാണ് നാണിക്കുന്നത്, എന്തിനാ സൊസൈറ്റിയെ പേടിക്കുന്നത് എന്ന് തോന്നി. ഇപ്പോള്‍ അച്ഛന്റെ വികാരവും അമ്മയുടെ വികാരവും ഒരുമിച്ച് അനുഭവിക്കാന്‍ പറ്റുന്നുണ്ട്’- സഹദ് പറഞ്ഞു.

Exit mobile version