നാല് ജോലിക്കാരുമായി തുടങ്ങിയ സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ പത്ത് വര്‍ഷമായി കൂടെ നിന്നു; വിശ്വസ്തനായ ജീവനക്കാരന് ബെന്‍സ് സമ്മാനിച്ച് കൊരട്ടിയിലെ ഐടി കമ്പനി സിഇഒ

തൃശ്ശൂര്‍: സ്ഥാപനം ആരംഭിച്ച നാള്‍ തൊട്ട് കൂടെയുള്ള ജീവനക്കാരന് ആദരവായി മെഴ്‌സിഡീസ് ബെന്‍സിന്റെ ആഡംബര സെഡാന്‍ സി ക്ലാസ് സമ്മാനം നല്‍കി ഐടി കമ്പനി ഉടമ. വെബ് ആന്‍ഡ് ക്രാഫ്റ്റ്സ് കമ്പനി സിഇഒയും സ്ഥാപകനുമായ എബിന്‍ ജോസ് ചീഫ് ക്രിയേറ്റീവ് ഓഫീസര്‍ ക്ലിന്റ് ആന്റണിക്ക് ഇന്‍ഫോപാര്‍ക്കില്‍ നടന്ന ചടങ്ങില്‍ വാഹനം കൈമാറുകയായിരുന്നു.

പത്ത് വര്‍ഷമായി കൂടെ നില്‍ക്കുന്ന ജീവനക്കാരനാണ് കമ്പനി ഉടമയുടെ സമ്മാനം. കൊരട്ടി ഇന്‍ഫോ പാര്‍ക്കില്‍ നിന്നുള്ള ഐടി സ്ഥാപനമാണ് 70 ലക്ഷം രൂപ വിലവരുന്ന ബെന്‍സ് സമ്മാനിച്ചത്.

നീണ്ട 10 വര്‍ഷത്തിലധികമായി വിശ്വസ്തതയോടെ പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്ന ജീവനക്കാരനെയാണ് സമ്മാനം നല്‍കുവാനായി കമ്പനി തിരഞ്ഞെടുത്തതെന്ന് സിഇഒ എബിന്‍ പ്രതികരിച്ചു. 2012ല്‍ ‘വെബ് ആന്‍ഡ് ക്രാഫ്റ്റ്സ്’ ആരംഭിച്ചതു മുതല്‍ കമ്പനിയുടെ കൂടെ നില്‍ക്കുകയായിരുന്നു ക്ലിന്റ്. കമ്പനിയുടെ ആദ്യജീവനക്കാരന്‍ കൂടിയാണ്.

കഠിനാധ്വാനികളും, അര്‍പ്പണബോധമുള്ളവരുമായ ഒരു മികച്ചടീമാണ് കമ്പനിയുടെ നട്ടെല്ല്. ദീര്‍ഘകാലം നീണ്ടുനിന്ന അദ്ദേഹത്തിന്റെ സേവനത്തിനും, വിശ്വസ്തതയ്ക്കുമാണ് ഈ സമ്മാനം എന്ന് എബിന്‍ ജോസ് പറഞ്ഞു.

2012ല്‍ നാലു പേരുമായി ആരംഭിച്ച വെബ് ആന്‍ഡ് ക്രാഫ്റ്റിനു നിലവില്‍ 320ല്‍ അധികം ജീവനക്കാരുണ്ട്. 19 വയസുള്ളപ്പോള്‍ സ്വന്തം സ്ഥാപനം തുടങ്ങിയ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സിഇഒ കൂടിയാണ് എബിന്‍.

also read- നാമാവശേഷമായ മണ്ണിലെ ‘ദോസ്ത്’; ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥയെ ചേര്‍ത്ത് പിടിച്ച് സ്‌നേഹ ചുംബനം നല്‍കി തുര്‍ക്കി വനിത; വൈറല്‍ ചിത്രം

ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍, ഇന്‍ഫോപാര്‍ക്ക് കേരള സ്ഥാപക സിഇഒ -കെ ജി ഗിരീഷ് ബാബു, വെബ് ആന്‍ഡ് ക്രാഫ്റ്റ്സിന്റെ മെന്റര്‍ ജോസഫ് മറ്റപ്പള്ളി, ബിസിനസ് കോച്ച് കോര്‍പ്പറേറ്റ് ട്രെയിനര്‍ ഷമീം റഫീഖ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Exit mobile version