പിതാവിന്റെ സുഖവിവരങ്ങള്‍ വിളിച്ച് അന്വേഷിച്ച പ്രിയങ്കരനായ മുഖ്യമന്ത്രിക്ക് നന്ദി; ചാണ്ടി ഉമ്മന്‍

തിരുവനന്തപുരം: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രാഷ്ട്രീയ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ച മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് മകന്‍ ചാണ്ടി ഉമ്മന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നന്ദി അറിയിച്ചത്.

കടുത്ത പനിയെ തുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബാംഗങ്ങളെ വിളിച്ച് ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ചറിഞ്ഞത്.

also read: ഞാന്‍ വെറും ഭ്രാന്തി അല്ല ഭയങ്കര ഭ്രാന്തിയാണ്, ഇനിയും നന്നായില്ലെങ്കില്‍ വീട്ടില്‍ക്കയറി തല്ലും, ബോളിവുഡ് താരദമ്പതികളെ ഭീഷണിപ്പെടുത്തി കങ്കണ

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ നാളെ ആശുപത്രിയിലേക്ക് അയക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം സഹോദരന്‍ അലക്‌സ് ചാണ്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന സമുന്നതനായ രാഷ്ട്രീയ നേതാവിന് ആവശ്യമായ ചികിത്സ ലഭിക്കാത്തത് സംസ്ഥാനത്തിന് തന്നെ അപമാനമാണെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. ചികിത്സയ്ക്കായി സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നും അലക്‌സ് ചാണ്ടി ആവശ്യപ്പെട്ടു.

എന്നാല്‍ ഇതിന് പിന്നാലെ ആരോപണം നിഷേധിച്ച് ഉമ്മന്‍ ചാണ്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ചാണ്ടി ഉമ്മന്‍ രംഗത്തെത്തിയിരുന്നു. തനിക്ക് മികച്ച ചികിത്സയാണ് ലഭിക്കുന്നതെന്നും പാര്‍ട്ടിയും കുടുംബവും എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും ഉമ്മന്‍ ചാണ്ടി ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞിരുന്നു.

Exit mobile version