എത്ര പറഞ്ഞിട്ടും കാര്യമില്ല…! കൊച്ചിയില്‍ വീണ്ടും പഴകിയ അല്‍ഫാം പിടികൂടി; ഇന്ന് കൊടുക്കേണ്ട ഭക്ഷണം ഇന്നലെ തയ്യാറാക്കിയതാണെന്ന് വിചിത്ര വാദം ഉന്നയിച്ച് ഹോട്ടല്‍ അധികൃതര്‍

ദിവസങ്ങള്‍ പഴക്കമുള്ള ചിക്കന്‍ ബീഫ് വിഭവങ്ങളാണ് കണ്ടെത്തിയത്. ഭക്ഷണ സാധനങ്ങള്‍ ആരോഗ്യവകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ ഹോട്ടല്‍ അടച്ചിടാനും നിര്‍ദേശം നല്‍കി.

old-food

കൊച്ചി: കൊച്ചിയില്‍ നിന്ന് വീണ്ടും പഴകിയ അല്‍ഫാം പിടികൂടി. വടക്കന്‍ പറവൂരിലെ കുമ്പാരി ഹോട്ടലില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ബുധനാഴ്ചത്തേക്കുള്ള ഭക്ഷണം നേരത്തെ ഉണ്ടാക്കിവച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നഗരസഭാ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് ഭക്ഷണം കണ്ടെടുത്തത്.

ദിവസങ്ങള്‍ പഴക്കമുള്ള ചിക്കന്‍ ബീഫ് വിഭവങ്ങളാണ് കണ്ടെത്തിയത്. ഭക്ഷണ സാധനങ്ങള്‍ ആരോഗ്യവകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ ഹോട്ടല്‍ അടച്ചിടാനും നിര്‍ദേശം നല്‍കി. എന്നാല്‍ ഇത് കേടായ ഭക്ഷണമല്ലെന്നും, ഇന്ന് കൊടുക്കേണ്ട ഭക്ഷണം ഇന്നലെ തയ്യാറാക്കുന്നതാണ് പ്രായോഗികം എന്ന വിചിത്രമായ വിശദീകരണമാണ് ഹോട്ടല്‍ അധികൃതര്‍ നല്‍കിയിരിക്കുന്നത്.

അതേസമയം, ഇന്നലെ പറവൂരിലെ മജ്‌ലിസ് ഹോട്ടലില്‍ നിന്ന് കുഴിമന്തിയടക്കം കഴിച്ച എഴുപതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായിരുന്നു. ഇതില്‍ ഒരു യുവതിയുടെ ആരോഗ്യനില ഗുരുതരമാണ്. ഈ ഹോട്ടലിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.

ഹോട്ടല്‍ ജീവനക്കാര്‍ക്ക് അടുത്തമാസം ഒന്നുമുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഹെല്‍ത്ത് കാര്‍ഡില്ലാതെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. വ്യാജകാര്‍ഡുകള്‍ എടുക്കുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.

Exit mobile version