‘ഡോക്ടർ വിപിനെതിരെ ഉണ്ടായ ആക്രമണത്തിന്റെ ആഘാതം ഇപ്പോഴും മനസ്സിൽ നിന്നും മായുന്നില്ല ‘, ആരോഗ്യമന്ത്രി

തിരുവനന്തപുരം: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. ഡോക്ടർ, വിപിനെതിരെ ഇന്നലെ ഉണ്ടായ ആക്രമണത്തിന്റെ ആഘാതം ഇപ്പോഴും മനസ്സിൽ നിന്നും മായുന്നില്ലെന്നും മന്ത്രി പറഞ്ഞു.

താമരശ്ശേരിയിൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ച 9 വയസുകാരിയുടെ സഹോദരനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത് മെഡിക്കൽ കോളജിലെ വിദ​ഗ്ധ ചികിത്സയിലൂടെയാണ് എന്നും
താലൂക്ക് ആശുപത്രിയിൽ നിന്നു മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകും വഴിയാണ് 9 വയസുകാരി മരിച്ചത് എന്നും മന്ത്രി പറഞ്ഞു.

ഛർദ്ദിയും ക്ഷീണവും കാരണം കുട്ടിയുടെ ബോധ നിലയിൽ മാറ്റമില്ലാത്തതിനെ തുടർന്നാണ് മെഡിക്കൽ കോളജിലേക്ക് മാറ്റാൻ തീരുമാനിച്ചത്. കുട്ടിയുടെ സഹോദരൻ ദിവസങ്ങളോളം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നുവെന്നും അവിടുത്തെ വിദ​ഗ്ധ ചികിത്സയിലൂടെയാണ് ആ കുട്ടി രക്ഷപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ പ്രിയപ്പെട്ട ഡോക്ടർ, വിപിനെതിരെ ഇന്നലെ ഉണ്ടായ ആക്രമണത്തിന്റെ ആഘാതം ഇപ്പോഴും മനസ്സിൽ നിന്നും മായുന്നില്ല. വൈകുന്നേരം ഡോ. വിപിനുമായി ഫോണിൽ സംസാരിച്ചു. ഐസിയുവിൽ നിന്ന് റൂമിലേക്ക് ഡോക്ടറെ മാറ്റിയിട്ടുണ്ട്. ഭീകരമായ അനുഭവമാണ് ആ പാവം ഡോക്ടർ നേരിട്ടത്. ആ നടുക്കത്തിൽ നിന്ന് ഡോക്ടർ മോചിതനായിട്ടില്ല.

ആസൂത്രിതമായ ആക്രമണത്തിൽ ഏറ്റവും ശക്തമായ നിയമ നടപടി തന്നെ ഉറപ്പാക്കപ്പെടും. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള എല്ലാ തെളിവുകളും പോലീസിന് കൈമാറാൻ നിർദ്ദേശം നൽകിയിരുന്നു.

കോടിക്കണക്കിന് ആളുകളുടെ ആശ്രയമാണ് കേരളത്തിലെ സർക്കാർ ആശുപത്രികൾ. സർക്കാർ ആശുപത്രികൾക്കും ആശുപത്രികളിൽ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കും എതിരെ തീർത്തും തെറ്റായ പ്രചരണങ്ങൾ നടത്തി ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ചിലർ നടത്തിക്കൊണ്ടിരിക്കുന്നത്.

അനേയ എന്ന 9 വയസ്സുകാരിയുടെ മരണം ദുഃഖകരമാണ്. താമരശ്ശേരി ആശുപത്രിയിൽ ഛർദ്ദിലും ക്ഷീണവുമായി ഒപിയിൽ എത്തിച്ച കുട്ടിയെ നിരീക്ഷണത്തിൽ ആക്കുകയും ഐവി ഫ്ലൂയിഡ് നൽകുകയും ചെയ്തു. ക്ഷീണം വർദ്ധിച്ചതിനെ തുടർന്നും ബോധനിലയിൽ മാറ്റം ഉണ്ടായതിനെ തുടർന്നും ഉച്ച കഴിഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയാണ് ചെയ്തത്. വഴിമധ്യേ മരണം സംഭവിച്ചു എന്നാണ് റിപ്പോർട്ട്. കുട്ടിയുടെ സഹോദരനും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ ദിവസങ്ങളോളം തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. അവിടത്തെ വിദഗ്ധ ചികിത്സയിലൂടെയാണ് കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവന്നത്.

ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണത്തിൽ ഒരുതരത്തിലും ന്യായീകരണമില്ല. ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുമ്പോൾ കോടിക്കണക്കിന് ആൾക്കാർ ആശ്രയിക്കുന്ന സംവിധാനങ്ങളെയാണ് ആക്രമിക്കുന്നത്. അവരുടെ ആശ്രയത്തെയാണ് അക്രമത്തിലൂടെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. രോഗത്തിന് മുൻപിൽ നിസ്സാഹരായി പോകുന്ന ആളുകളെ ചികിൽസിക്കാനും ചേർത്തുപിടിക്കാനും ഭയരഹിതമായും ആത്മവിശ്വാസത്തോടെയും ആത്മാഭിമാനത്തോടെയും പ്രവർത്തിക്കാനും ആരോഗ്യപ്രവർത്തകരെ ശക്തമായി പിന്തുണക്കേണ്ടതുണ്ട്. അവരെ നമുക്ക് ചേർത്ത് പിടിക്കാം.

Exit mobile version