ജയിലിലുള്ള ഭര്‍ത്താവിന് ടൂത്ത് പേസ്റ്റില്‍ എംഡിഎംഎ നിറച്ച് എത്തിച്ചുനല്‍കി ഭാര്യ; സംഭവം കോട്ടയത്ത്, പോലീസ് കേസെടുത്തു

നേരത്തെ ഗോകുലിനൊപ്പം സബ് ജയിലില്‍ കഴിഞ്ഞിരുന്ന കൂട്ടാളി സുന്ദറിനാണ് ടൂത്ത് പേസ്റ്റ് എന്നു പറഞ്ഞ് അയാളുടെ ഭാര്യയുടെ കയ്യില്‍ എംഡിഎംഎ കൊടുത്തയച്ചത്.

paste

കോട്ടയം: ജയിലിലുള്ള ഭര്‍ത്താവിന് ടൂത്ത് പേസ്റ്റില്‍ എംഡിഎംഎ നിറച്ച് ഭാര്യ എത്തിച്ചുനല്‍കിയതായി കണ്ടെത്തി. സംഭവത്തില്‍ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം എംഡിഎംഎയുമായി കോട്ടയത്ത് പിടിയിലായ കാരാപ്പുഴ പുന്നപ്പറമ്പില്‍ ഗോകുലാണ് സബ് ജയിലില്‍ കഴിയുന്നയാളുടെ ഭാര്യയുടെ കൈവശം ജയിലില്‍ എംഡിഎംഎ എത്തിച്ചുനല്‍കിയത്.

നേരത്തെ ഗോകുലിനൊപ്പം സബ് ജയിലില്‍ കഴിഞ്ഞിരുന്ന കൂട്ടാളി സുന്ദറിനാണ് ടൂത്ത് പേസ്റ്റ് എന്നു പറഞ്ഞ് അയാളുടെ ഭാര്യയുടെ കയ്യില്‍ എംഡിഎംഎ കൊടുത്തയച്ചത്. ജയിലില്‍ എംഡിഎംഎ എത്തിച്ചതിന് ഗോകുലിനെതിരെ പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ട്യൂബിനകത്തെ പേസ്റ്റ് കളഞ്ഞ ശേഷം പകരം എംഡിഎംഎ നിറയ്ക്കുകയായിരുന്നു. ജയിലിലെ പരിശോധനയ്ക്കിടെ ഇതു കണ്ടെത്തി. സുന്ദറിന്റെ ഭാര്യയെ ചോദ്യം ചെയ്തപ്പോഴാണു ഗോകുലാണു കൊടുത്തയച്ചതെന്നു വ്യക്തമായത്. തുടര്‍ന്ന് അറസ്റ്റിലായ ഗോകുല്‍ കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയിരുന്നു.

കഴിഞ്ഞ ദിവസം 38.76 ഗ്രാം എംഡിഎംഎയുമായാണ് ഗോകുല്‍ അനശ്വര തിയറ്ററിനു സമീപം വച്ച് പിടിയിലായത്. കോട്ടയം ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും വെസ്റ്റ് പോലീസും ചേര്‍ന്നാണ് വ്യാഴാഴ്ച ഇയാളെ പിടികൂടിയത്. പൊതിഞ്ഞു ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച് പാക്കറ്റ് ജീന്‍സിന്റെ പോക്കറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നു. ഇയാള്‍ക്ക് എംഡിഎംഎ എത്തിച്ചു നല്‍കുന്നവരെക്കുറിച്ച് സൂചന ലഭിച്ചതായും അവരെ ഉടന്‍ പിടികൂടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും പോലീസ് പറഞ്ഞു.

Exit mobile version