ഓടുന്ന ട്രെയിനിന്റെ കമ്പിയില്‍ തൂങ്ങിക്കിടന്ന യുവാവ്: രക്ഷകനായി ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ മകേഷ്

വടകര: നീങ്ങിത്തുടങ്ങിയ ട്രെയിനിന്റെ കമ്പിയില്‍ തൂങ്ങിക്കിടന്ന യുവാവിന് രക്ഷകനായി ആര്‍പിഎഫ് ഹെഡ് കോണ്‍സ്റ്റബിള്‍ വിപി മകേഷ്. മുപ്പത്തിയേഴ് ദിവസത്തിനുള്ളില്‍ രണ്ടുപേരെയാണ് മകേഷ് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. വടകര റെയില്‍വേ സ്റ്റേഷനിലെ ആര്‍പിഎഫ് ഹെഡ്‌കോണ്‍സ്റ്റബിളാണ് വിപി മകേഷ്.

ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിച്ച യുവാവിനെയാണ് ഇന്നലെ മകേഷ് അപകടത്തില്‍ നിന്നും രക്ഷിച്ചത്. കഴിഞ്ഞ മാസം 5ന് ഇതേ സാഹചര്യത്തില്‍ യുവതിയെ രക്ഷിച്ചിരുന്നു. ഇന്നലെ രാവിലെ 10.26ന് ദാദര്‍ തിരുനെല്‍വേലി ഹംസഫര്‍ എക്‌സ്പ്രസില്‍ ചാടിക്കയറാന്‍ ശ്രമിച്ച അനൂപ് ശങ്കറിനാണ് (38) മകേഷിന്റെ സമയോജിതമായ ഇടപെടലിലൂടെ ജീവന്‍ തിരിച്ചുകിട്ടിയത്.

വടകരയില്‍ സ്റ്റോപ്പ് ഇല്ലാത്ത ഈ ട്രെയിന്‍, മറ്റൊരു ട്രെയിന്‍ കടന്നു പോകാന്‍ നിര്‍ത്തിയിട്ടതായിരുന്നു. അതില്‍ നിന്നിറങ്ങിയ അനൂപ് ശങ്കര്‍ റെയില്‍വേ ബുക്ക് സ്റ്റാളില്‍ പോയി പുസ്തകം വാങ്ങി തിരിച്ചെത്തുമ്പോഴേക്കു ട്രെയിന്‍ നീങ്ങിത്തുടങ്ങി.

കമ്പിയില്‍ തൂങ്ങി നിന്ന അനൂപിനെ പിടിച്ചു വലിച്ച മകേഷ് പ്ലാറ്റ്‌ഫോമിലേക്ക് തെറിച്ചു വീണു. പിറകെ അനൂപും. 2 പേരും ട്രാക്കിലേക്ക് വീഴാതിരുന്നത് ഭാഗ്യം കൊണ്ടു മാത്രം. സര്‍വീസിലിരിക്കെ മരിച്ച പോലീസ് ഉദ്യോഗസ്ഥന്‍ പിണറായി തിക്കല്‍ വീട്ടില്‍ നാരായണന്‍ നമ്പ്യാരുടെ മകനാണ് മകേഷ്. 22 വര്‍ഷമായി ആര്‍പിഎഫില്‍ ജോലി ചെയ്യുന്നു.

Exit mobile version