മാതാപിതാക്കളെ നേരത്തെ നഷ്ടപ്പെട്ടു, ഇരു വൃക്കകളും തകരാറിലായി; ശ്രീദിഷിന് വേണ്ടി ഓടി ‘ഗാലക്‌സി’, കൈകോര്‍ത്ത് നാട്ടുകാരും

കോങ്ങാട്: ഇരു വൃക്കകളും തകരാറിലായ കക്കാട്ട് പറമ്പിൽ 20കാരനായ കെസി ശ്രീദിഷിന്റെ ചികിത്സയ്ക്കായി ഓട്ടം നടത്തി ഗാലക്‌സി എന്ന് പേരുള്ള സ്വകാര്യ ബസ്. ചികിത്സയ്ക്കുള്ള പണം സമാഹരിക്കാനാണ് ഗാലക്‌സി ഡീലക്‌സ് ബസ് നിരത്തിലിറങ്ങിയത്. വൃക്കരോഗം മൂലം വർഷങ്ങൾക്കു മുൻപു മാതാപിതാക്കളെ നഷ്ടപ്പെട്ട ശ്രീദിഷിനെയും രോഗം കീഴ്‌പ്പെടുത്തുകയായിരുന്നു.

ആഴ്ചയിൽ രണ്ടു തവണ ഡയാലിസിസ് നടത്തിയാണ് ശ്രീദിഷിന്റെ ജീവൻ നിലനിർത്തുന്നത്. വൃക്ക മാറ്റിവയ്ക്കലാണ് ഏകമാർഗമെന്ന് ഡോക്ടർമാർ അറിയിച്ചു. എന്നാൽ ഇതിനായി ഭീമമായ തുക ചെലവാകും. ഈ ചെലവ് താങ്ങാനുള്ള ശേഷി ഇല്ലാതായതോടെയാണ് നാടും നാട്ടുകാരും കൈകോർത്തത്. ശ്രീദിഷിന്റെ രോഗവിവരം വ്യക്തമാക്കുന്ന ബാനർ ഇന്നലെ ബസിൽ സ്ഥാപിച്ചു.

കണ്ടക്ടർ ബാഗിനു പകരം ബക്കറ്റുമായാണ് യാത്രക്കാരെ സമീപിച്ചത്. ലഭ്യമാകുന്ന തുക അന്നുതന്നെ ചികിത്സാ കമ്മിറ്റിക്കു കൈമാറും. ശ്രീദിഷിന്റെ ചികിത്സയ്ക്കായി ജനപ്രതിനിധികൾ ഉൾപ്പെട്ട കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. എസ്ബിഐ കോങ്ങാട് ശാഖ അക്കൗണ്ട് നമ്പർ: 33106107236. ഐഎഫ്എസ് കോഡ്: SBIN0014966. ശ്രീദിഷിന്റെ ഫോൺ: 9846985211.

Exit mobile version