ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ച ശേഷം പോലീസ് ജീപ്പ് നിര്‍ത്താതെ പോയി; സിവില്‍ പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

പോലീസുകാരന്‍ സഞ്ചരിച്ച കാറിടിച്ച് കമ്പളക്കാട് സ്വദേശി സിയാദിന്റെ കാലിനാണ് പരിക്കേറ്റത്.

കല്‍പ്പറ്റ: ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ച ശേഷം വാഹനം നിര്‍ത്താതെ പോയ സിവില്‍ പോലീസ് ഓഫീസറെ സസ്‌പെന്റ് ചെയ്തു. സംഭവത്തില്‍ വയനാട് പനമരം പോലീസ് സ്റ്റേഷനിലെ എന്‍ബി വിനുവിനെയാണ് ജില്ലാ പോലീസ് മേധാവി സസ്‌പെന്റ് ചെയ്തത്. കമ്പളക്കാട് കൊഴിഞ്ഞങ്ങാടിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.

പോലീസുകാരന്‍ സഞ്ചരിച്ച കാറിടിച്ച് കമ്പളക്കാട് സ്വദേശി സിയാദിന്റെ കാലിനാണ് പരിക്കേറ്റത്. അശ്രദ്ധമായി കാര്‍ ഓടിച്ച് ബൈക്കില്‍ ഇടിച്ചതിന് ശേഷം പോലീസുകാരന്‍ നിര്‍ത്താതെ പോയെന്നായിരുന്നു പരാതി. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്പളക്കാട് എസ്എച്ച്ഒയെ ജില്ലാ പോലീസ് മേധാവി ചുമതലപ്പെടുത്തി.

അതേസമയം, കഴിഞ്ഞ ദിവസം തലവടി തണ്ണീര്‍മുക്കം റോഡില്‍ പോലീസ് ജീപ്പ് ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കോട്ടയം സ്വദേശി ജസ്റ്റിന്‍, കുമരകം സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ആലപ്പുഴ ഡിസിആര്‍ബി ഡിവൈഎസ്പിയുടെ ജീപ്പാണ് യുവാക്കളെ ഇടിച്ചത്.

ആലപ്പുഴ ബീച്ചില്‍ പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്നു യുവാക്കള്‍. അപകടസമയത്ത് ഡ്രൈവര്‍ മാത്രമാണ് ജീപ്പിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Exit mobile version