കൊല്ലത്തിന് കോളടിച്ചു…! ഓട നിര്‍മ്മിക്കാന്‍ കുഴിയെടുത്തപ്പോള്‍ കിട്ടിയത് കോടികള്‍ വിലമതിക്കുന്ന കരിമണല്‍

ഈ ഭാഗത്തെ 83 ഏക്കറില്‍ ഖനനം ആരംഭിക്കുന്നതിന് അനുമതി തേടി കെഎംഎംഎല്‍ റവന്യു വകുപ്പിനെ സമീപിച്ചിരിക്കുകയാണ്.

ചവറ: കൊല്ലത്ത് ദേശീയപാത വികസനത്തിന്റെ ഭാഗമായി ഓട നിര്‍മ്മിക്കാന്‍ നീണ്ടകര ഭാഗത്ത് കുഴിച്ചപ്പോള്‍ കിട്ടിയത് ധാതുസമ്പുഷ്ടമായ കരിമണല്‍. നീണ്ടകര പാലം മുതല്‍ ഇടപ്പള്ളിക്കോട്ട വരെ അഞ്ച് കിലോമീറ്റര്‍ ദൂരത്തിലുള്ള ഭാഗത്താണ് കരിമണല്‍ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുള്ളത്.

മണല്‍ സംസ്‌കരണത്തിനായി വിട്ടുകിട്ടാന്‍ കെഎംഎംഎല്‍ അധികൃതര്‍ ജില്ലാ ഭരണകൂടത്തെ സമീപിച്ചു. പ്രദേശത്തോട് ചേര്‍ന്നുള്ള ഭൂമി കെഎംഎംഎല്ലിന്റെ ഒന്നാം ഖനന ബ്ലോക്കില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഈ ഭാഗത്തെ 83 ഏക്കറില്‍ ഖനനം ആരംഭിക്കുന്നതിന് അനുമതി തേടി കെഎംഎംഎല്‍ റവന്യു വകുപ്പിനെ സമീപിച്ചിരിക്കുകയാണ്. ഇതിനിടെയാണ് ഇതിനോട് ചേര്‍ന്നുള്ള റോഡില്‍ കരിമണല്‍ വലിയ അളവില്‍ കണ്ടെത്തിയിരിക്കുന്നത്.

ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കിയാണ് ഈ മേഖലകളിലെ ഭൂമി കെഎംഎംഎല്ലും ഐആര്‍ഇയും ഖനനത്തിനായി ഏറ്റെടുക്കുന്നത്. പിന്നീട് പൂര്‍വ്വ സ്ഥിതിയിലാക്കി നല്‍കാനും വലിയ തുക ചെലവാകുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള ചെലവൊന്നുമില്ലാതെയാണ് വലിയ അളവില്‍ കരിമണല്‍ ഇരുസ്ഥാപനങ്ങള്‍ക്കും ദേശീയപാത നിര്‍മ്മാണത്തിലൂടെ ലഭിക്കുന്നത്.

ഓട, കലുങ്ക് എന്നിവയുടെ നിര്‍മ്മാണത്തിന് കുഴിക്കുന്ന സ്ഥലങ്ങളിലെ കരിമണല്‍ എടുക്കാന്‍ മാത്രമാണ് ഇപ്പോള്‍ അലോചിക്കുന്നത്. എന്നാല്‍, ആറ് വരിപ്പാത നിര്‍മ്മിക്കുന്ന സ്ഥലത്ത് നിന്ന് പരമാവധി കരിമണല്‍ ശേഖരിക്കണമെന്ന ആവശ്യം ശക്തമാണ്. ഓടയ്ക്കായി കുഴിക്കുന്ന ഭാഗത്ത് നിന്ന് മാത്രം ഏറ്റവും കുറഞ്ഞത് രണ്ട് കോടിയുടെ കരിമണല്‍ ലഭിക്കുമെന്നാണ് പ്രാഥമിക കണക്ക്.

കരിമണല്‍ സാന്നിദ്ധ്യമുള്ള മണല്‍ ശേഖരിച്ച ശേഷം പകരം സംസ്‌കരിച്ച വെളളമണല്‍ ദേശീയപാത നിര്‍മ്മാണത്തിനായി കരാര്‍ കമ്പനിക്ക് നല്‍കാമെന്ന നിര്‍ദ്ദേശമാണ് കെഎംഎംഎല്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഇല്‍മനൈറ്റ്, സിര്‍ക്കോണ്‍, സിലിമനേറ്റ് തുടങ്ങിയ ഘടകങ്ങള്‍ കെഎംഎംഎല്‍ വേര്‍തിരിച്ചെടുക്കും. പിന്നീട് മോണോസൈറ്റ് വേര്‍തിരിച്ചെടുക്കാനായി ഐആര്‍ഇക്ക് നല്‍കും. അതേസമയം, ഐആര്‍ഇയും കരിമണല്‍ ലഭിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.

Exit mobile version