തന്ത്രം പൊളിഞ്ഞു! കിളിക്കൊല്ലൂരില്‍ സൈനികനെ മര്‍ദ്ദിച്ച ഓഫീസര്‍മാര്‍ക്ക് സര്‍വീസില്‍ തിരികെ കയറാനായില്ല; സസ്‌പെന്‍ഷന്‍ പിന്‍വലിച്ച ഉത്തരവ് റദ്ദാക്കി

കൊല്ലം: കിളികൊല്ലൂരില്‍ സൈനികനെയും സഹോദരനെയും പോലീസ് സ്‌റ്റേഷനില്‍ വെച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ സസ്പെന്‍ഷന്‍ ലഭിച്ച പോലീസുകാര്‍ക്ക് തിരിച്ച് സര്‍വീസില്‍ കയറാനായില്ല. ഇവരെ തിരിച്ചെടുത്തു കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയിരുന്നു എങ്കിലും ഇത് റദ്ദാക്കിയിരിക്കുകയാണ്.

ഇക്കഴിഞ്ഞ ഡിസംബര്‍ 31ന് ഇറങ്ങിയ ഉത്തരവാണ് പോലീസ് സേന തന്നെ തൊട്ടടുത്ത ദിവസം പിന്‍വലിച്ചത്. ഉന്നതര്‍ ഇടപെട്ടാണ് സസ്പെന്‍ഷന്‍ പിന്‍വലിപ്പിച്ചെതെന്നാണ് സൂചന. എന്നാല്‍, ഇതിനെതിരെ ഒരുവിഭാഗം രംഗത്തെത്തിയതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടാണ് ഉത്തരവ് റദ്ദാക്കിയത്.

മുന്‍ കിളികൊല്ലൂര്‍ സിഐ, എസ്‌ഐ, എഎസ്‌ഐ, സീനിയര്‍ സിപിഒ എന്നിവരാണ് സസ്പെഷനിലായത്. ഇവരില്‍ ചിലര്‍ ഇടനിലക്കാര്‍ മുഖേന യുവാക്കളുമായി ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും വഴങ്ങിയിരുന്നില്ല. ഇതോടെയാണ് പോലീസുകാര്‍ സംഘടന വഴി ശ്രമം നടത്തിയത്. എങ്കിലും സസ്‌പെന്‍ഷന്‍ തുടരാനാണ് ഉന്നതങ്ങളില്‍ നിന്നുള്ള നിയമോപദേശം.

ALSO READ-നിങ്ങളും വളര്‍ന്നില്ലേ, അതുകൊണ്ട് സ്പൂണ്‍ ഫീഡിങ് ഒഴിവാക്കി; എന്റെ സിനിമ സാധാരണ കണ്ണുകൊണ്ടല്ല ഉള്‍ക്കണ്ണു കൊണ്ട് കാണണം: അല്‍ഫോണ്‍സ് പുത്രന്‍

നേരത്തെ, യുവാക്കളെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന അന്വേഷണ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെയാണ് യുവാക്കള്‍ക്ക് നീതി ലഭിച്ചത്. പോലീസ് സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളാണ് തെളിവായത്.

Exit mobile version