വളർന്നതും പഠിച്ചതും ഒരുമിച്ച്; അവസാന യാത്രയിലും വേർപിരിയാതെ ജസ്റ്റിനും ആഷിക്കും, തീരാനോവ്

കോട്ടയം: ഒരുമിച്ചു കളിച്ച് വളർന്ന അടുത്ത കൂട്ടുകാർ ഒരുമിച്ച് തന്നെ ലോകത്തോട് വിടപറഞ്ഞതിന്റെ തീരാവേദനയിലാണ് നാടും നാട്ടുകാരും ഉറ്റവരും. നിയന്ത്രണം വിട്ടെത്തിയ പോലീസ് ജീപ്പ് ഇടിച്ചാണ് ബൈക്ക് യാത്രികരായിരുന്ന ജസ്റ്റിനും ആഷിക്കും മരണപ്പെട്ടത്. ജസ്റ്റിന്റെ ഇളയമ്മയുടെ മകനാണ് ആഷിക്. ഇരുവരും എവിടെപ്പോകുന്നതും ഒരുമിച്ചായിരുന്നു.

പുതുവത്സര പ്രാർഥനയ്ക്കായി ആലപ്പുഴ കൃപാസനം പള്ളിയിലേക്കു പോയതായിരുന്നു ഇരുവരും. കുമരകം സ്വദേശിയായ ആഷിക് ചെറുപ്പം മുതൽ വളർന്നതും പഠിച്ചതുമെല്ലാം ജസ്റ്റിന്റെ വേളൂരിലെ വീട്ടിൽ നിന്നായിരുന്നു. ഇരുചക്ര വാഹനം ഓടിക്കാൻ വശമില്ലാതിരുന്ന ജസ്റ്റിനെ പലപ്പോഴും ജോലി സ്ഥലത്തും പള്ളിയിലുമെല്ലാം ആഷിക്കാണ് എത്തിച്ചിരുന്നത്. ആഷിക്കിന് സമ്മാനമായി ഒരുമാസം മുൻപാണ് ജസ്റ്റിൻ സെക്കൻഡ് ഹാൻഡ് ബൈക്ക് സമ്മാനിച്ചത്.

പിന്നീട് ഇതിലായിരുന്നു യാത്ര. കൊച്ചിയിൽ ഓപ്പറേഷൻ തിയറ്റർ അസിസ്റ്റന്റ് കോഴ്‌സ് തിരഞ്ഞെടുക്കാൻ ആഷിക്കിന് നിർദേശം നൽകിയത് ജസ്റ്റിനായിരുന്നു. കൺസ്യൂമർഫെഡിൽ ജീവനക്കാരനായിരുന്ന ജസ്റ്റിനായിരുന്നു കുടുംബത്തിന്റെ ഏകപ്രതീക്ഷയും. ഇരുവരുടെയും ചേതനയറ്റ ശരീരം ഒരേ മുറിയിൽ കിടത്തിയപ്പോൾ കണ്ടുനിന്നവർക്കും സങ്കടം അടക്കാൻ കഴിഞ്ഞില്ല. പ്രദേശം കണ്ണീർ കടലായി മാറി.

Exit mobile version