ക്ഷേത്രമുറ്റത്ത് കരോള്‍ സംഘം, പാല്‍പ്പായസം നല്‍കി സ്വീകരിച്ച് മേല്‍ശാന്തി: മനസ്സ് നിറച്ച് ക്രിസ്തുമസ് കാഴ്ച

കൊല്ലം: ലോകമെമ്പാടും സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും ക്രിസ്തുമസ് ആഘോഷിക്കുകയാണ്. കേക്ക് ഉണ്ടാക്കിയും നക്ഷത്രങ്ങള്‍ കൊണ്ട് അലങ്കരിച്ചും മതഭേദമന്യേ ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. രാജ്യത്ത് വിഎച്ച്പി ക്രിസ്തുമസ് ആഘോഷിക്കുന്നത് ഹിന്ദുവിശ്വാസത്തിന് എതിരാണെന്ന് ആരോപിച്ച് എത്തിയിരുന്നു. അതിനിടെ കൊല്ലത്ത് നിന്നും മതസൗഹാര്‍ദത്തിന്റെ മനോഹരമായ ഒരു കാഴ്ചയാണ് പുറത്തുവരുന്നത്.

ക്ഷേത്രമുറ്റത്ത് എത്തിയ കരോള്‍ സംഘത്തിനെ മേല്‍ശാന്തി പാല്‍പായസം നല്‍കി സ്വീകരിക്കുന്ന കാഴ്ചയാണ് മനസ്സുകള്‍ നിറയ്ക്കുന്നത്. പത്തനാപുരം കുന്നിട സെന്റ് തോമസ് മര്‍ത്തോമ ഇടവകയില്‍ നിന്നുളള കരോള്‍ സംഘത്തിനാണ് പട്ടാഴി ചെളിക്കുഴി ചെറുകോണത്ത് കാവ് ശ്രീ രാജരാജേശ്വരി ദേവീ ക്ഷേത്രത്തില്‍ സ്വീകരണം നല്‍കിയത്.

ക്രിസുമസിനോട് അനുബന്ധിച്ച് ക്ഷേത്രത്തില്‍ എത്തിയ കരോള്‍ സംഘത്തെ പാല്‍പ്പായസം നല്‍കി മേല്‍ശാന്തി സ്വീകരിക്കുകയായിരുന്നു. പായസം സ്വീകരിച്ച ശേഷം സംഘം കരോള്‍ ഗാനവും ആലപിച്ച് പരസ്പരം ആശംസകള്‍ നേര്‍ന്നാണ് പിരിഞ്ഞത്. ക്ഷേത്ര മേല്‍ശാന്തി മുരളീധരന്‍ ശര്‍മ്മ, ഭാരവാഹി കണ്ണന്‍ ശ്രീരാഗ് എന്നിവരാണ് കരോള്‍ സംഘത്തിന് ക്ഷേത്രത്തില്‍ സ്വീകരണം നല്‍കിയത്.

Exit mobile version