പെട്ടെന്ന് കാര്യം നടക്കണോ..? എങ്കിൽ 3000 രൂപ നൽകണം; കൈക്കൂലി വാങ്ങിയ നേമം സബ് രജിസ്ട്രാർ ഓഫീസ് ജീവനക്കാരി പിടിയിൽ, കുടുക്കിയത് ഇങ്ങനെ

നേമം: കൈക്കൂലി വാങ്ങുന്നതിനിടെ സബ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാരി പിടിയിൽ. നേമം സബ് രജിസ്ട്രാർ ഓഫീസിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായ ശ്രീജയെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടിയത്. കൈക്കൂലിയായി വാങ്ങിയ മൂവായിരം രൂപയും പിടിച്ചെടുത്തു. കല്ലിയൂർ പാലപ്പൂര് തേരിവിളവീട്ടിൽ സുരേഷ് ആണ് കൈക്കൂലി ആവശ്യപ്പെട്ടതായി വിജിലൻസിന് പരാതി നൽകിയത്. പിന്നാലെയാണ് നടപടി സ്വീകരിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയാണ് അച്ഛന്റെ പേരിലുള്ള വസ്തു ഇഷ്ടദാനമായി സുരേഷിന്റെ പേരിൽ എഴുതാൻ ഓഫീസിലെത്തിയത്. അസൽ പ്രമാണം ഇല്ലാത്തതിനാൽ അടയാളസഹിതം പകർപ്പെടുക്കാനാണ് സുരേഷ് ഓഫീസിലെത്തിയത്. എന്നാൽ, പെട്ടെന്ന് കാര്യങ്ങൾ നടക്കാൻ മൂവായിരം രൂപ ശ്രീജയ്ക്ക് നൽകാൻ സബ് രജിസ്ട്രാർ ആവശ്യപ്പെട്ടു. പിന്നാലെ സുരേഷ് വിജിലൻസിനെ സമീപിക്കുകയായിരുന്നു.

പിന്നീട്, വിജിലൻസ് നൽകിയ നോട്ടുമായി ചൊവ്വാഴ്ച രാവിലെ സുരേഷ് സബ് രജിസ്ട്രാർ ഓഫീസിലെത്തി. പണം ശ്രീജയ്ക്കു കൈമാറി. പിന്നാലെയാണ് വിജിലൻസ് എത്തി ശ്രീജയെ നോട്ടുകൾ സഹിതം പിടികൂടിയത്. തുടർന്ന് വിജിലൻസ് സംഘം നേമം സബ് രജിസ്ട്രാർ സന്തോഷിന്റെ കുടപ്പനക്കുന്നിലെ വീട്ടിൽ പരിശോധന നടത്തുകയും ചെയ്തു.

Exit mobile version