ബൈക്ക് യാത്രികന്റെ പണവും രേഖകളുമടങ്ങിയ പഴ്‌സ് റോഡില്‍ വീണു: ഉടമ എത്തുന്നതും കാത്ത് നിന്ന് സഹോദരിമാര്‍

അന്തിക്കാട്: റോഡരികില്‍ കിടന്ന പണവും തിരിച്ചറിയല്‍ രേഖകളുമടങ്ങിയ പഴ്‌സിന് ഉടമ വരുന്നത് വരെ കാവല്‍ നിന്ന് സഹോദരിമാര്‍. അന്തിക്കാട് പുത്തന്‍കോവിലകം കടവ് സ്വദേശിയായ നിസാറിന്റെയും ബുസ്‌നയുടെയും മക്കളായ ആയിഷാ തയ്ബ (9) നൂറിന്‍ ഐന്‍ (6) നുമാണ് മാതൃകയായിരിക്കുന്നത്.

ഇരുവരും സ്‌കൂളിലേക്ക് പോകുന്ന വഴിയാണ് ബൈക്ക് യാത്രികന്റെ പഴ്‌സ് റോഡിലേക്ക് വീഴുന്നത് കണ്ടു. മകളെ സ്‌കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെ അന്തിക്കാട് കുറ്റിപ്പറമ്പില്‍ മനോജിന്റെ പഴ്‌സാണ് റോഡില്‍ വീണത്.

ഇതു കണ്ട തയ്ബയും ഐനും പേടിച്ചിട്ട് പഴ്‌സ് എടുത്തില്ല. എന്നാല്‍, വിലപ്പെട്ട വസ്തുക്കളുണ്ടാകുമെന്നതിനാല്‍ ഉപേക്ഷിച്ചുപോകാനും തോന്നിയില്ല. പരിചയമുള്ള ആരെയെങ്കിലും കണ്ട് പഴ്സ് കൊടുക്കാനായി അവര്‍ റോഡരികില്‍ തന്നെ കാത്തുനിന്നു.

ഇതിനിടയില്‍ മകളെ സ്‌കൂളിലാക്കി മനോജ് തിരികെ വരുന്നതുകണ്ട ഇരുവരും
അദ്ദേഹത്തെ തടഞ്ഞുനിര്‍ത്തി പഴ്‌സ് തിരിച്ചുകൊടുക്കുകയായിരുന്നു. പണത്തോടൊപ്പം എടിഎം കാര്‍ഡുകളും ചെക്കുമടങ്ങിയ പഴ്‌സ് നഷ്ടപ്പെട്ട വിവരം അപ്പോഴാണ് മനോജ് അറിയുന്നത്. അന്തിക്കാട് കെജിഎം സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ആയിഷയും തയ്ബയും.

Exit mobile version