അച്ഛന്‍ ഐസിയുവില്‍, അമ്മയും ആശുപത്രിയില്‍: അവിനാശിനെ ചേര്‍ത്ത് പിടിച്ച് ധന്യ ടീച്ചര്‍

വെള്ളാങ്ങല്ലൂര്‍: അമ്മയോടൊപ്പം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയുവിനു മുന്നില്‍ കഴിഞ്ഞുകൂടിയിരുന്ന അവിനാശിനെ സ്നേഹപൂര്‍വം ചേര്‍ത്തുനിര്‍ത്തി ക്ലാസ് അധ്യാപിക ധന്യാ മാര്‍ട്ടിന്‍. തിങ്കളാഴ്ച വൈകീട്ട് വെള്ളാങ്ങല്ലൂര്‍ ഗവ.യു.പി. സ്‌കൂളില്‍നിന്ന് പുല്ലൂരിലെ വീട്ടിലേക്ക് പോയപ്പോള്‍ ധന്യ ടീച്ചറുടെയും ടീച്ചറുടെ മകനും കൂട്ടുകാരനുമായ ജോസഫിന്റെയും കൈപിടിച്ച് അവിനാശുമുണ്ടായിരുന്നു.

ദിവസങ്ങളിലായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയുവില്‍ ശ്വാസകോശസംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലാണ് അവിനാശിന്റെ അച്ഛന്‍ പെരുമ്പടപ്പില്‍ ശിവദാസന്‍. സഹായത്തിനായി അമ്മ സുനിതയും ആശുപത്രിയിലാണ്.

വീട്ടില്‍ മറ്റാരും ഇല്ലാത്തതിനാല്‍ അവിനാശും ആശുപത്രിയില്‍ത്തന്നെയായിരുന്നു.
ശിവദാസന്റെ അസുഖം കൂടുന്നതിന് മുമ്പ് സുനിത ആശുപത്രിയില്‍നിന്ന് ജോലിക്ക് പോകാനായി വെള്ളാങ്ങല്ലൂരില്‍ വരുമ്പോള്‍ മകനെ സ്‌കൂളിലേക്കാക്കിയിരുന്നു. അസുഖം കൂടി ശിവദാസനെ ഐസിയുവില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഇത് സാധിക്കാതായി. അച്ഛനെയും അമ്മയെയും പിരിഞ്ഞിരിക്കാന്‍ അവിനാശിനും വിഷമമായിരുന്നു.

ശനിയാഴ്ച സ്‌കൂളിലെ പ്രധാനാധ്യാപിക എം.കെ. ഷീബ, ക്ലാസ് അധ്യാപിക ധന്യ, മറ്റൊരു അധ്യാപിക ഷീല എന്നിവര്‍ ആശുപത്രിയില്‍ ചെന്നിരുന്നു. ഐ.സി.യു.വിനു മുന്നില്‍ അവിനാശ് നില്‍ക്കുന്നതുകണ്ട് വിഷമം തോന്നിയ ധന്യ അവനെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. ആദ്യം അവന്‍ സമ്മതിച്ചില്ല. എന്നാല്‍, തിങ്കളാഴ്ച സുനിത ടീച്ചറെ വിളിക്കുകയും സ്‌കൂളിലെത്തി അവിനാശിനെ ടീച്ചറുടെ കൈയില്‍ ഏല്‍പ്പിച്ച് ആശുപത്രിയിലേക്ക് മടങ്ങുകയും ചെയ്തു.

വെല്‍ഡിങ് തൊഴിലാളിയായ ശിവദാസനെ കോവിഡിനു പിന്നാലെ ശ്വാസകോശസംബന്ധമായ അസുഖം ബാധിക്കുകയായിരുന്നു. സുനിത വീട്ടുജോലികള്‍ക്ക് പോയാണ് ശിവദാസന്റെ ചികിത്സയ്ക്കും മകന്റെ പഠനത്തിനും പണം കണ്ടെത്തിയിരുന്നത്. വാടകവീട്ടില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക് അവിടെനിന്ന് ഇറങ്ങേണ്ടിവന്നു. വീട്ടുസാധനങ്ങളെല്ലാം മറ്റൊരു ബന്ധുവിന്റെ വീട്ടില്‍ വെച്ചിരിക്കുകയാണ്. ഇതിനിടെയാണ് അസുഖം കൂടി ആശുപത്രിയിലുമായത്.

Exit mobile version