വീരമൃത്യു വരിച്ച ഹക്കീമിന് അവസാന സല്യൂട്ട് നല്‍കി ഭാര്യയും മകളും: പൂര്‍ണ സൈനിക ബഹുമതികളോടെ യാത്രാമൊഴി

പാലക്കാട്: മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ എസ്. മുഹമ്മദ് ഹക്കീമിന് (35) വികാരനിര്‍ഭര വിട നല്‍കി ജന്മനാട്. മൃതദേഹം പാലക്കാട് ധോണി ഉമ്മിണി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ഭാര്യ റംസീനയും മകള്‍ അഫ്‌സിന്‍ ഫാത്തിമയും അവസാനമായി ഹക്കീമിന് സല്യൂട്ട് നല്‍കി. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ഉമ്മിണി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.

ഛത്തിസ്ഗഡിലെ സുകുമയില്‍ ഉണ്ടായ ഏറ്റുമുട്ടലിലാണ് പാലക്കാട് ധോണി പയറ്റാംകുന്ന് ഇ.എം.എസ് നഗറിലെ ദാറുസ്സലാമില്‍ സുലൈമാന്റെ മകന്‍ മുഹമ്മദ് ഹക്കീം വീരമൃത്യു വരിച്ചത്. സി.ആര്‍.പി.എഫിന്റെ കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റസല്യൂട് ആക്ഷന്‍ എന്നറിയപ്പെടുന്ന കോബ്ര വിഭാഗത്തില്‍ ഹെഡ് കോണ്‍സ്റ്റബിളായിരുന്നു ഹക്കീം.

ഛത്തിസ്ഗഡില്‍ നിന്ന് സി.ആര്‍.പി.എഫിന്റെ പ്രത്യേക വിമാനത്തില്‍ കൊണ്ടുവന്ന മൃതദേഹം ഇന്നലെയാണ് പാലക്കാട് ധോണിയിലെ വീട്ടില്‍ എത്തിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടുവരെ വീട്ടിലും ശേഷം ധോണി ഉമ്മിണി സ്‌കൂളിലും പൊതുദര്‍ശനത്തിന് വെച്ചു. ബുധനാഴ്ച രാത്രി വീട്ടിലെത്തിച്ച ദൗതിക ശരീരം വ്യാഴാഴ്ച രാവിലെ വീട്ടിലും തുടര്‍ന്ന് ഉമ്മിനി ഗവ. ഹൈസ്‌കൂള്‍ അങ്കണത്തില്‍ സജ്ജീകരിച്ച പന്തലിലും പൊതുദര്‍ശനത്തിന് വെച്ചു. സമൂഹത്തിലെ നാനാതുറകളിലുള്ളവര്‍ ഒരു നോക്കു കാണാനും അന്തിമോപചാരം അര്‍പ്പിക്കാനുമെത്തി.

സംസ്ഥാന സര്‍ക്കാറിന് വേണ്ടി കലക്ടര്‍ മൃണ്‍മയി ജോഷി മൃതദേഹത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാറിന്റെയും സിആര്‍പിഎഫിന്റെയും ഔദ്യോഗിക ബഹുമതിയായ ഗാര്‍ഡ് ഒഫ് ഓണര്‍ നല്‍കി. തുടര്‍ന്ന് വിലാപ യാത്രയായി ഉമ്മിണി ജുമാ മസ്ജിദിലെത്തിച്ചു. രാവിലെ പത്തരയോടെ ജനാസ നമസ്‌കാരത്തിന് ശേഷം മൃതദേഹം പൂര്‍ണ സൈനിക ബഹുമതികളോടെ ഖബറടക്കി.

Exit mobile version