നെഞ്ച് തകരുന്ന വേദനയിലും അവയവദാനത്തിന് സമ്മതം നല്‍കി അമലിന്റെ മാതാപിതാക്കള്‍; 17കാരന്‍ യാത്രയായത് നാലുപേര്‍ക്ക് പുതുജീവന്‍ നല്‍കി

തലവേദനയെയും ഛര്‍ദിയെയും തുടര്‍ന്ന് നവംബര്‍ 17ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച അമലിന് മസ്തിഷ്‌കാഘാതം സംഭവിക്കുകയായിരുന്നു

കൊച്ചി: നെഞ്ച് തകരുന്ന വേദനയിലും അവയവദാനത്തിന് സമ്മതം നല്‍കി അമലിന്റെ മാതാപിതാക്കള്‍. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മരിച്ച തൃശൂര്‍ വല്ലച്ചിറ സ്വദേശി വിനോദിന്റെയും മിനിയുടെയും മകന്‍ അമല്‍ കൃഷ്ണ (17)യാണ് നാലുപേര്‍ക്ക് പുതുജീവന്‍ നല്‍കി യാത്രയായത്.

ചേര്‍പ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയായിരുന്നു അമല്‍. തലവേദനയെയും ഛര്‍ദിയെയും തുടര്‍ന്ന് നവംബര്‍ 17ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച അമലിന് മസ്തിഷ്‌കാഘാതം സംഭവിക്കുകയായിരുന്നു.

also read: ഇടുക്കിയില്‍ വീട് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ക്ക് പരിക്കേറ്റു

ഗുരുതരാവസ്ഥയിലായ അമലിനെ 22-ന് പുലര്‍ച്ചെ കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് മാറ്റി. തലച്ചോറിന്റെ ഇടതുഭാഗത്തെ പ്രവര്‍ത്തനം നിലച്ചനിലയിലാണ് ആസ്റ്ററില്‍ എത്തിച്ചത്. 25ന് രാവിലെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. പീഡിയാട്രിക് ഐസിയു കണ്‍സള്‍ട്ടന്റ് ഡോ. ആകാന്‍ഷ ജെയിന്‍, പീഡിയാട്രിക് ന്യൂറോളജി വിഭാഗം സീനിയര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. ഡേവിഡ്‌സണ്‍ ദേവസ്യ എന്നിവര്‍ മാതാപിതാക്കളും ബന്ധുക്കളുമായി അവയവദാനത്തെക്കുറിച്ച് സംസാരിച്ചു. തുടര്‍ന്ന് അവര്‍ അമലിന്റെ അവയവങ്ങള്‍ ദാനംചെയ്യാന്‍ തയ്യാറാവുകയായിരുന്നു.

കരള്‍, ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ത്തന്നെ ചികിത്സയിലുള്ള കോലഞ്ചേരി സ്വദേശിയായ അറുപത്താറുകാരനിലും ഒരു വൃക്ക എറണാകുളം സ്വദേശിയായ 55 വയസ്സുകാരിക്കും മാറ്റിവച്ചു. മറ്റൊരു വൃക്ക കോട്ടയം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും നേത്രപടലം ഗിരിധര്‍ ഐ ഹോസ്പിറ്റലിലേക്കുമാണ് നല്‍കിയത്. നടപടിക്രമങ്ങള്‍ക്കുശേഷം 26-ന് രാവിലെ മൃതദേഹം വിട്ടുനല്‍കി.

Exit mobile version