സ്വര്‍ണത്തിനായി വെട്ടി വീഴ്ത്തി, തീ കൊളുത്തി ജീവനോടെ കത്തിച്ചു; ഇടുക്കിയില്‍ വീട്ടമ്മ മരിച്ചത് അതിക്രൂരമായി; പ്രതിയായ അയല്‍വാസി പിടിയില്‍

ചെറുതോണി: ഇടുക്കി നാരകക്കാനത്ത് വീട്ടമ്മയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. കേസിലെ പ്രതിയെ പിടികൂടിയതോടെയാണ് കൊലപാതകം നടന്നതെങ്ങനെയെന്ന് വെളിപ്പെട്ടിരിക്കുന്നത്.

നാരകക്കാനം കുമ്പിടിയാമാക്കല്‍ ചിന്നമ്മ ആന്റണി(62) കൊല്ലപ്പെട്ട സംഭവത്തില്‍ അയല്‍ക്കാരനായ വെട്ടിയാങ്കല്‍ സജി എന്ന തോമസിനെ കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തു.

വീട്ടില്‍ ചിന്നമ്മ നതനിച്ചുള്ളപ്പോള്‍ പ്രതി മോഷണത്തിന് എത്തുകയായിരുന്നു. ഇത് തടയുന്നതിനിടെയാണ് ചിന്നമ്മ കൊല്ലപ്പെട്ടത്. പ്രതി ചിന്നമ്മയെ വാക്കത്തി കൊണ്ട് വെട്ടിയതെന്നും പിന്നീട് അടുക്കളയിലെ ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് ജീവനോടെ കത്തിക്കുകയായിരുന്നു എന്നും പോലീസ് അറിയിച്ചു.

ഗ്യാസ് ലീക്കായോ മറ്റോ ഉണ്ടായ അപകടത്തിലാണ് ചിന്നമ്മ മരിച്ചതെന്ന് തുടക്കത്തില്‍ സംശയിച്ചിരുന്നു. എന്നാല്‍ വീടിനകത്ത് കണ്ട രക്തക്കറയും മൃതദേഹം കിടന്നഭാഗത്ത് മാത്രമേ തീ കത്തിയിരുന്നുള്ളൂവെന്നതും സംശയത്തിനിടയാക്കി. മറ്റ് ഉപകരണങ്ങള്‍ക്കോ വീടിനോ തീപിടിച്ചിരുന്നില്ല. മൃതദേഹം കിടന്നതിനടിയില്‍ പുതപ്പ് വിരിച്ചിരുന്നതും വീട്ടിലെ മറ്റ് തുണികള്‍ മൃതദേഹത്തോടൊപ്പം കണ്ടതും സംശയം കൂട്ടി.

ALSO READ- ഫുട്‌ബോള്‍ താരങ്ങളുടെ കട്ടൗട്ടുകള്‍ സ്ഥാപിക്കുന്നത് ഇസ്ലാമിക വിരുദ്ധം; ഇതിനെതിരെ മതനേതൃത്വം മുന്നോട്ടു വരണം; എപി വിഭാഗവും രംഗത്ത്

ചിന്നമ്മയുടെ ശരീരത്തിലുണ്ടായിരുന്ന ഏഴുപവനോളം തൂക്കംവരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായതോടെയാണ് മോഷണശ്രമത്തിനിടയിലെ കൊലപാതകമെന്ന നിഗമനത്തില്‍ പോലീസെത്തിയത്. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

വീട്ടില്‍ പകല്‍സമയത്ത് വയോധികയായ ചിന്നമ്മ തനിച്ചാണെന്ന് അറിയാവുന്ന പ്രതി മോഷണം ലക്ഷ്യമിട്ട് എത്തുകയായിരുന്നു. ചിന്നമ്മയുടെ മാലയും വളകളും മോഷ്ടിക്കാനായിരുന്നു ശ്രമം. മോഷണം തടയാന്‍ ശ്രമിച്ച ചിന്നമ്മയെ പ്രതി വെട്ടിപരിക്കേല്‍പ്പിച്ചു. ബോധരഹിതയായി നിലത്തുവീണ ചിന്നമ്മയെ പിന്നീട് ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു.

Exit mobile version