സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങി വീട്ടിലേയ്ക്ക് പോകാന്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ മറ്റൊരു സ്‌കൂള്‍ ബസ് ഇടിച്ച് തെറിപ്പിച്ചു; സഹോദരന്റെ കണ്‍മുന്‍പില്‍ വെച്ച് കുഞ്ഞനുജത്തിയ്ക്ക് ദാരുണാന്ത്യം

പുളിങ്കുന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

കുട്ടനാട്: സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങി വീട്ടിലേയ്ക്ക് പോകാന്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ യുകെജി വിദ്യാര്‍ത്ഥിനിയെ മറ്റൊരു സ്‌കൂള്‍ ബസ് ഇടിച്ച് തെറിപ്പിച്ചു. പെണ്‍കുട്ടി തല്‍ക്ഷണം മരിച്ചു. പുളിങ്കുന്ന് പഞ്ചായത്ത് 12ാം വാര്‍ഡില്‍ കണ്ണന്തറ വീട്ടില്‍ രാജേഷ്‌സരിതഭായി ദമ്പതികളുടെ മകള്‍ ഭാവയാമി (ചിന്നു) ആണ് മരിച്ചത്.

പുളിങ്കുന്ന് കെഇ കാര്‍മല്‍ സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥിനിയാണ് ഭാവയാമി. പുളിങ്കുന്ന് ചതുര്‍ഥ്യാകരി റോഡില്‍ പൊട്ടുമുപ്പതിനു സമീപം വൈകിട്ടു നാലു മണിയോടെയാണ് അപകടം. ചതുര്‍ഥ്യാകരിയില്‍ വിദ്യാര്‍ത്ഥികളെ ഇറക്കിയശേഷം തിരികെ വരികയായിരുന്ന മറ്റൊരു സ്‌കൂളിന്റെ ബസ് ഇടിക്കുകയായിരുന്നു. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ സഹോദരനൊപ്പം വീടിനു മുന്നിലെ റോഡ് മുറിച്ചുകടക്കുമ്പോള്‍ ഓടിയ ഭാവയാമിയുടെ ദേഹത്തു ബസ് കയറുകയായിരുന്നു.

പുളിങ്കുന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. അച്ഛന്‍ രാജേഷ് കൈരളി ചാനലില്‍ സൗണ്ട് എന്‍ജിനീയറാണ്. സരിതാഭായി കുന്നന്താനം കൃഷിഭവനിലെ കൃഷി അസിസ്റ്റന്റാണ്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. അപകടത്തിനിടയാക്കിയ ബസ് കസ്റ്റഡിയിലെടുത്തു. ഡൈവര്‍ കണ്ണാടി ചാലേക്കാട് കുഞ്ഞുമോനെതിരെ കേസെടുത്തു.

Exit mobile version