ദര്‍ശനത്തിനെത്തിയ പ്രായമായ സ്ത്രീയെ പോലീസ് തല്ലിച്ചതച്ചെന്ന സമരാനുകൂലികളുടെ വാദം വ്യാജം!ആക്രമിക്കപ്പെട്ടത് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥ; ഒടുവില്‍ അക്രമികളുടെ കല്ലെറില്‍ പരിക്ക് പറ്റുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍

തലയ്ക്ക് പരിക്കേറ്റ ഇവരെ പോലീസാണ് അക്രമികളില്‍ നിന്ന് രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് ഇവരെ വനിതാ പൊലീസുകാരുടെ നേതൃത്വത്തില്‍ പോലീസ് വാഹനത്തില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു

പമ്പ: ശബരിമലയില്‍ ഇന്നലെ ഉണ്ടായ സംഭവ വികാസങ്ങളെ തുടര്‍ന്ന് പോലീസിന് എതിരെയും സര്‍ക്കാരിനെതിരെയും വലിയ രീതിയിലുള്ള ദുഷ് പ്രചാരണങ്ങളാണ് സമരത്തെ അനുകൂലിക്കുന്നവര്‍ ഉന്നയിച്ചത്.

ഇന്നലെ പ്രതിഷേധക്കാരുടെ കല്ലെറിനെ തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. എന്നാല്‍ സമരാനുകൂലികളുടെ വാദം പ്രകോപനമില്ലാതെ പോലീസ് ആക്രമണം അഴിച്ചു വിട്ടെന്നും സമാധാന പരമായി സമരം നടത്തിയ വിശ്വാസികള്‍ക്ക് എതിരെ ലാത്തിവീശി എന്നൊക്കെയായിരുന്നു. അതില്‍ ഏറ്റവും പ്രധാനമായി ഉയര്‍ന്ന് വന്നത് ദര്‍ശനത്തിനു വന്ന പ്രായമായ സ്ത്രീയെ പോലീസ് തല്ലി ചതച്ചു എന്ന രീതിയിലായിരുന്നു. ഇതിന് വലിയ പ്രചാരമായിരുന്നു സോഷ്യല്‍ മീഡിയ വഴി സമരാനുകൂലികള്‍ നല്‍കിയത്. എന്നാല്‍ ഇൗ വാദം വ്യാജമാണെന്ന് തെളിഞ്ഞിരിക്കയാണ് ഇപ്പോള്‍.

അവര്‍ സന്ദര്‍ശനത്തിന് വന്ന ഭക്ത അല്ലെന്നും അവര്‍ ഡ്യൂട്ടിക്ക് എത്തിയ ഉദ്യോഗസ്ഥയുമാണെന്നും സമരാനുകൂലികളുടെ കല്ലെറിലാണ് അവര്‍ക്ക് പരിക്കു പറ്റുന്നതെന്നും തെളിയിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വ്യാപകമായി പങ്കു വയ്ക്കുന്നത്.

തലയ്ക്ക് പരിക്കേറ്റ ഇവരെ പോലീസാണ് അക്രമികളില്‍ നിന്ന് രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് ഇവരെ വനിതാ പൊലീസുകാരുടെ നേതൃത്വത്തില്‍ പോലീസ് വാഹനത്തില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ പോലീസിനെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടത്താനും സമരത്തിന് പിന്തുണ നേടാനുമായി ഒരു വിഭാഗം ഈ സംഭവം ഇന്നലെ ഉപയോഗപ്പെടുത്തിയിരുന്നു.

Exit mobile version