ശബരിമല വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പോലീസുമായി സഹകരിക്കണം! ശബരിമല യുദ്ധമുഖമാക്കുന്നതില്‍ ഹര്‍ജിക്കാര്‍ക്കും പങ്കുണ്ട്; ഹൈക്കോടതി

ശബരിമലയിലെ അറസ്റ്റല്ല പരിഗണനാ വിഷയമെന്നും കോടതി വ്യക്തമാക്കി. പ്രായം ചെന്നവരേയും കുട്ടികളേയും ഇറക്കിവിടാനാകില്ലെന്ന് കോടതി പറഞ്ഞു.

കൊച്ചി: ശബരിമല യുദ്ധമുഖമാക്കിയതില്‍ ഹര്‍ജിക്കാര്‍ക്കും പങ്കുണ്ടെന്ന് ഹൈക്കോടതി. ശബരിമലയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം.

ശബരിമലയില്‍ സമാധാനമുണ്ടാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പോലീസുമായി സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. രാവിലെ നടന്ന വാദത്തില്‍ ശബരിമലയിലെ പോലീസ് നിയന്ത്രങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം കോടതി ഉന്നയിച്ചിരുന്നു. തുടര്‍ന്ന് നടന്ന വാദത്തിലാണ് കോടതി, ഹര്‍ജിക്കാര്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന നിരീക്ഷണം നടത്തിയത്. ശബരിമല പോലീസ് നടപടിക്കെതിരെ ഒരു കൂട്ടം ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്

ഇന്നലെ പ്രശ്‌നമുണ്ടാക്കിയത് ആര്‍എസ്എസും ഹിന്ദു ഐക്യവേദിയുമാണ്. ഭക്തരെ തടയുന്നത് പോലീസല്ല. സാമൂഹ്യവിരുദ്ധരാണെന്നും എജി പറഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ശബരിമലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്.എന്നാല്‍ സംഘടിച്ച് എത്താന്‍ ആവശ്യപ്പെട്ട് ബിജെപി സര്‍ക്കുലര്‍ ഇറക്കിയന്നും സര്‍ക്കുലറില്‍ ചുമതലപ്പെടുത്തിയവര്‍ ക്രിമിനല്‍ കേസിലെ പ്രതികളാണെന്നും, ഉച്ച കഴിഞ്ഞ് കോടതിയില്‍ നേരിട്ട് ഹാജറായ എജി കോടതിയെ അറിയിച്ചു.

ശബരിമല കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് പരിഗണിക്കുന്നത്. ശബരിമലയിലെ അറസ്റ്റല്ല പരിഗണനാ വിഷയമെന്നും കോടതി വ്യക്തമാക്കി. പ്രായം ചെന്നവരേയും കുട്ടികളേയും ഇറക്കിവിടാനാകില്ലെന്ന് കോടതി പറഞ്ഞു. തീര്‍ത്ഥാടകരുടെ യാത്ര സുഗമമാകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ടിക്കറ്റെടുത്തവരെ നെയ്യഭിഷേകം കഴിയാതെ ഇറക്കി വിടരുതെന്നും കോടതി പറഞ്ഞു.

Exit mobile version