22-ാം വയസിൽ അപ്രതീക്ഷിതമായി ജീവിതം വീൽചെയറിലായി; തളർന്നില്ല, ഉറച്ച മനസ് കൊണ്ട് അജിത് നേടിയെടുത്തത് സർക്കാർ ജോലി

ഹരിപ്പാട്; 22-ാം വയസിൽ അപ്രതീക്ഷിതമായി ജീവിതം വീൽചെയറിലായപ്പോഴും തളരാതെ പോരാടിയ അജിത് കുമാർ സർക്കാർ ജോലി എന്ന സ്വപ്‌നത്തിലെത്തിച്ചേർത്തു. കുമാരപുരം ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ ക്ലാർക്കായാണ് തന്റെ കഠിനാധ്വാനം കൊണ്ട് 30കാരനായ അജിത് എത്തിചേർന്നത്.

പുഴയുടെ ഒഴുക്കിനെ തടയുമെന്ന് ആവര്‍ത്തിച്ച് ശ്രീജിത്ത് പെരുമന, മൂന്ന് കട്ടൗട്ടുകളും എടുത്തുമാറ്റണമെന്ന് ആവശ്യം, വീണ്ടും പരാതി

”ഇരുപത്തി രണ്ടാം വയസ്സിൽ പെട്ടെന്നൊരുദിവസം ജീവിതം ചക്രക്കസേരയിലേക്കു ചുരുങ്ങി. വീടിന്റെ ഉത്തരവാദിത്വമെല്ലാം എന്റെ ചുമലിലാണ്. ഏതുജോലിചെയ്യാനും മനസ്സുണ്ടായിരുന്നെങ്കിലും ഏറെനേരം ഇരിക്കാനും മറ്റും കഴിയില്ലായിരുന്നു. അതോടെ, എങ്ങനെയും സർക്കാർജോലി നേടണമെന്നു തീരുമാനിച്ചു. വർഷങ്ങൾക്കിപ്പുറം ആ ലക്ഷ്യത്തിലെത്തി” അജിത് കുമാർ പറയുന്നു.

പ്ലസ്ടു കഴിഞ്ഞ് ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുമ്പോൾ 2014-ലാണ് അജിത്തിന്റെ കാലുകളുടെ ചലനശേഷി പൊടുന്നനെ നഷ്ടപ്പെട്ടത്. ഒരുദിവസം ഉറങ്ങിയെണീറ്റപ്പോഴാണ് തന്റെ കാലുകൾ അനങ്ങുന്നില്ലെന്ന് തിരിച്ചറിഞ്ഞത്. മാസങ്ങൾനീണ്ട ചികിത്സയ്ക്ക് ആറുലക്ഷം രൂപയിലധികം ചെലവായി. പക്ഷേ, ചലനശേഷി തിരികെ കിട്ടിയില്ല. സുഷുമ്നാനാഡി വീങ്ങി രക്തം പുറത്തേക്കൊഴുകിയിറങ്ങിയതാണ് ഇരുകാലുകളും തളരാൻ കാരണമെന്നും ജനിതകമായ തകരാറായിരിക്കാമെന്നും ഡോക്ടർമാർ അറിയിച്ചു.

2018 ആയപ്പോഴേക്കും ഇനിയുള്ള ജീവിതം ചക്രക്കസേരയിലാകുമെന്ന് അജിത് തിരിച്ചറിഞ്ഞു. പക്ഷേ തോറ്റുകൊടുക്കാൻ അജിതും തയ്യാറായിരുന്നില്ല. പി.എസ്.സി. റാങ്ക് ഫയലുകളും തൊഴിൽപ്രസിദ്ധീകരണങ്ങളും പത്രങ്ങളുമെല്ലാം വായിച്ചുകൊണ്ടേയിരുന്നു. 14 മണിക്കൂർവരെ പഠിച്ച ദിവസങ്ങളുണ്ട്. ശേഷം, പത്തനംതിട്ട ജില്ലയിലെ എൽ.ജി.എസ്. പട്ടികയിലാണ് ആദ്യം ഇടംനേടിയത്.

395-ാം റാങ്കായിരുന്നെങ്കിലും ജോലി കിട്ടിയില്ല. ഇപ്പോൾ, ആലപ്പുഴ ജില്ലയിലെ ക്ലാർക്ക് പൊതുപ്പട്ടികയിൽ 364-ാം റാങ്കും ഭിന്നശേഷിക്കാരിൽ ഒന്നാംറാങ്കും ലഭിച്ചു. എൽ.ജി.എസിൽ 58-ാം റാങ്കുമുണ്ട്. 80 ശതമാനം അംഗവൈകല്യമുള്ള അജിത് കുമാറിന് ഇപ്പോൾ ഭിന്നശേഷിസംവരണത്തിലാണ് ജോലി ലഭിച്ചത്. പൊതുവിഭാഗത്തിലും നിയമനം ഉറപ്പായിരുന്നു. ചക്രക്കസേരയിലായതോടെ പുറത്തേക്കുള്ള യാത്ര വലിയ വെല്ലുവിളിയായിരുന്നു.

ഒരു പഴയ കാർ വാങ്ങി ബ്രേക്കും മറ്റും കൈകൊണ്ടു പ്രവർത്തിപ്പിക്കാവുന്ന തരത്തിലാക്കി. അതനുസരിച്ചുള്ള ഡ്രൈവിങ് ലൈസൻസും നേടുകയും ചെയ്തു. ഇപ്പോൾ ആ കാറിലാണു യാത്ര. വീട്ടിൽനിന്നിറങ്ങുമ്പോൾ ആരെങ്കിലും ചക്രക്കസേര ഡിക്കിയിൽ വെച്ചുകൊടുക്കും. കൈകുത്തി കാറിൽക്കയറിയശേഷമാണ് ഓടിച്ചുപോകുക. ഇറങ്ങുമ്പോഴും ചക്രക്കസേരയിറക്കാൻ സഹായംവേണം. കൂടെ നിൽക്കാൻ കുടുംബവും കൂട്ടുകാരും ഉള്ളതാണ് അജിതിന്റെ ഏറ്റവും വലിയ ശക്തി.

Exit mobile version