ഗ്രീഷ്മ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ഷാരോണിന് ബിരുദ പരീക്ഷയില്‍ മികച്ച വിജയം

തിരുവനന്തപുരം: പാറശ്ശാലയില്‍ കാമുകി ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലക്കി കൊലപ്പെടുത്തിയ ഷാരോണ്‍ രാജിന് ബിരുദ പരീക്ഷയില്‍ മികച്ച വിജയം. ബിഎസ്‌സി റേഡിയോളജി എഴുത്തുപരീക്ഷയിലാണ് ഷാരോണ്‍ വിജയിച്ചത്. അധ്യാപകരും സഹപാഠികളുമാണ് വിവരം കുടുംബത്തെ അറിയിച്ചത്.

അതേസമയം, ഷാരോണ്‍ വധകേസ് തമിഴ്‌നാട് പോലീസ് അന്വേഷിക്കുന്നതാണ് കൂടുതല്‍ ഉചിതമെന്ന് എ.ജി നിയമോപദേശം നല്‍കി. ഡിജിപി ഓഫീസിന്റെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷമാണ് നിയമോപദേശം. ‘കുറ്റകൃത്യം നടന്നത് തമിഴ്‌നാട്ടിലായതിനാല്‍ അന്വേഷണം കേരളത്തില്‍ നടത്തിയാല്‍ കുറ്റപത്രം നല്‍കിക്കഴിയുമ്പോള്‍ പ്രതിഭാഗം കോടതിയില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉന്നയിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

ഷാരോണ്‍ മരിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണെങ്കിലും കുറ്റകൃത്യവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഏറെ നടന്നത് തമിഴ്‌നാട്ടില്‍ വെച്ചാണ്. നേരത്തെ തിരുവനന്തപുരം ജില്ലാ പബ്ലിക് പ്രോസികൂട്ടറും സമാനനിയമോപദേശം നല്‍കിയിരുന്നു.

ഷാരോണ്‍ കൊലക്കേസിലെ അന്വേഷണം തമിഴ്‌നാട്ടിലേക്ക് മാറ്റിയാല്‍ നീതി കിട്ടില്ലെന്ന് ഷാരോണിന്റെ അച്ഛന്‍ പ്രതികരിച്ചിരുന്നു. ഇപ്പോള്‍ കേസ് അന്വേഷണം നല്ല നിലയിലാണ് പുരോഗമിക്കുന്നത്. തമിഴ്‌നാട്ടിലേക്ക് കേസ് മാറ്റിയാല്‍ അട്ടിമറി നടക്കുമോ എന്ന സംശയം ഉണ്ടെന്നും അച്ഛന്‍ ജയരാജ് പറഞ്ഞിരുന്നു.

ഗ്രീഷ്മയെയും കൊണ്ട് വെട്ടുകാട് പള്ളിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. വെട്ടുകാട് പള്ളിയില്‍ വെച്ച് സിന്ദൂരം ചാര്‍ത്തി പ്രതീകാത്മകമായി താലികെട്ടിയെന്ന് ഗ്രീഷ്മ മൊഴി നല്‍കിയിരുന്നു. ഞായറാഴ്ചയും ഗ്രീഷ്മയെയും കൊണ്ട് വീട്ടില്‍ രാവിലെ മുതല്‍ വൈകീട്ട് വരെ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു.

Exit mobile version