പൊതുടാപ്പില്‍ നഗ്‌നനായി കുളിച്ചത് വിലക്കിയതില്‍ വൈരാഗ്യം; ലോട്ടറി കച്ചവടക്കാരനെ തലയ്ക്കടിച്ച് കൊന്ന യുവാവിന് 5 വര്‍ഷം തടവ്

പിഴ ഒടുക്കിയില്ലങ്കില്‍ പ്രതി 6 മാസം കൂടി അധിക തടവ് അനുഭവിക്കണമെന്ന് അഡീഷനല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു.

court

തിരുവനന്തപുരം: പൊതുടാപ്പില്‍ നഗ്‌നനായി കുളിച്ചത് വിലക്കിയതിലുള്ള വൈരാഗ്യത്തില്‍ ലോട്ടറി കച്ചവടക്കാരനെ തലയ്ക്കടിച്ച് കൊന്ന കേസില്‍ യുവാവിന് 5 വര്‍ഷം കഠിന തടവിന് വിധിച്ച് കോടതി. 2015 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

അയിരൂര്‍ പാണില്‍ കോളനി ഒലിപ്പുവിള വീട്ടില്‍ ബാബുവിനെ (58) തലയ്ക്കടിച്ചു കൊന്ന കേസില്‍ പ്രതിയായ പെരുമ്പഴുതൂര്‍ മൊട്ടക്കാട കോളനിയില്‍ അനില്‍ എന്ന ബിജോയിയെ (25) മനപൂര്‍വമല്ലാത്ത നരഹത്യക്ക് 5 വര്‍ഷം കഠിന തടവിനും 50,000 രൂപ പിഴയ്ക്കും കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലങ്കില്‍ പ്രതി 6 മാസം കൂടി അധിക തടവ് അനുഭവിക്കണമെന്ന് അഡീഷനല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു.

കേസില്‍ രണ്ടും മൂന്നും പ്രതികളായ ഇലകമണ്‍ പാണില്‍ ലക്ഷം വീട് കോളനിയില്‍ താമസക്കാരായ ഉണ്ണി എന്ന സൈജു (32) കണ്ണന്‍ എന്ന സജീവ് (22) എന്നിവരെ കോടതി വെറുതെവിട്ടു.

സൈജു പാണില്‍ കോളനിയിയിലെ പൊതുടാപ്പിന് മുന്‍പില്‍ നിന്ന് നഗ്‌നനായി കുളിച്ചതു വിലക്കിയതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് കേസ്. സംഭവ ദിവസം രാത്രി ഒന്‍പത് മണിക്ക് സൈജു നഗ്‌നനായി പൊതു ടാപിന് മുന്നില്‍ കുളിക്കുന്നതു കോളനി നിവാസികള്‍ ചോദ്യം ചെയ്തത് വാക്കേറ്റത്തില്‍ കലാശിക്കുകയായിരുന്നു.

also read: ഭര്‍തൃവീട്ടിലെ പീഡനം സഹിക്കാനാകാതെ രണ്ടാം ഭാര്യയും ജീവനൊടുക്കി; യുവാവ് അറസ്റ്റില്‍

തുടര്‍ന്ന് സൈജുവിന്റെ സുഹൃത്തുക്കളായ ബിജോയ്, സജീവ് എന്നിവരും സൈജുവും ചേര്‍ന്ന് കോളനി നിവാസികളെ ആക്രമിക്കുകയും ഇതിനിടയില്‍ ബിജോയ് കയ്യില്‍ ഉണ്ടായിരുന്ന ഇരുമ്പ് കമ്പി കൊണ്ട് മോഹനന്റെ തലക്കടിക്കുകയുമായിരുന്നു. പിടിച്ച് മാറ്റാന്‍ ശ്രമിച്ച മറ്റൊരു പ്രദേശ വാസിയെയും ബിജോയ് കമ്പി കൊണ്ട് തലയ്ക്ക് അടിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

കുഴഞ്ഞു വീണ ബാബുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. പ്രതിക്ക് ബാബുവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യമില്ലാതിരുന്നതായി കോടതി വിലയിരുത്തി. കോളനിയില്‍ ഉണ്ടായ സംഘര്‍ഷത്തിനിടിയില്‍ പ്രതി മറ്റൊരാളെ അടിച്ച അടി ബാബുവിന് ഏല്‍ക്കുകയായിരുന്നു എന്നാണ് കോടതി നിരീക്ഷണം.

16 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 17 രേഖകളും തൊണ്ടി മുതലുകളും ഹാജരാക്കി. അതേസമയം, കോടതിയുടെ കണ്ടെത്തലുകളോടും നിരീക്ഷണങ്ങളോടും പൂര്‍ണ്ണമായി വിയോജിക്കുന്നതായി പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

പ്രതി ബാബുവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ബാബുവിന്റെ തലയ്ക്ക് തന്നെ അടിച്ചത്. കൊലപാതകത്തിനു പകരം നരഹത്യ എന്ന് കാട്ടി നിസാര ശിക്ഷ വിധിച്ചതിനെതിരെ അപ്പീല്‍ പോകുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എം.സലാഹുദ്ദീന്‍ ആണ് ഹാജരായത്.

Exit mobile version