‘അകത്തോട്ട് തള്ളിവിട്ട ചേട്ടന്‍ ഇവിടെ ഉണ്ടല്ലോ അല്ലേ’: കം ബാക്ക് വീഡിയോയുമായി വൈറല്‍ മീശക്കാരന്‍

കൊച്ചി: ടിക്ടോക്-ഇന്‍സ്റ്റഗ്രാം വൈറല്‍ താരം മീശക്കാരന്‍ കം ബാക്ക് വീഡിയോയുമായി വീണ്ടും രംഗത്ത്. ടിക്ടോക് താരമായ വിനീത് ബലാത്സംഗ കേസില്‍ അറസ്റ്റിലായിരുന്നു. ഒരു കോളേജ് വിദ്യാര്‍ത്ഥി നല്‍കിയ പരാതിയിലാണ് ഇയാള്‍ അറസ്റ്റിലായത്. ഇപ്പോഴിതാ ജാമ്യത്തിലിറങ്ങിയ വിനീത് സമൂഹ മാധ്യമങ്ങളില്‍ കം ബാക് വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.

‘ട്രോള്‍ ചെയ്ത് ഇത്രയും വളര്‍ത്തിയ എന്റെ ട്രോളന്മാര്‍ക്ക്, അകത്തോട്ട് തള്ളിവിട്ട ചേട്ടന്‍ ഇവിടെ ഉണ്ടല്ലോ അല്ലേ’, എന്ന കുറിപ്പിനൊപ്പമുള്ള ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് ഇയാള്‍ കംബാക്ക് വീഡിയോയായി പങ്കുവെച്ചത്. ഒപ്പം ബെന്‍സ് കാറില്‍ നിന്ന് ഇറങ്ങുന്ന തരത്തില്‍ ചെയ്ത ഇന്‍സ്റ്റഗ്രാം റീലും ഇയാള്‍ പങ്കുവെച്ചിട്ടുണ്ട്.


കഴിഞ്ഞ ഓഗസ്റ്റിലാണ് ഫോര്‍ട്ട് എസി ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം വിനീതിനെ പിടികൂടുന്നത്. കാര്‍ വാങ്ങിക്കാന്‍ ഒപ്പം വരണമെന്നാവശ്യപ്പെട്ട് കോളേജ് വിദ്യാര്‍ത്ഥിയെ കൂട്ടികൊണ്ടുപോയി ഒരു ഹോട്ടല്‍ മുറിയെടുത്ത് ബലാത്സംഗം ചെയ്തെന്നാണ് പരാതി.

വിനീതിന്റെ പേരില്‍ നേരത്തെയും കേസുകളുണ്ടായിരുന്നു. മോഷണക്കേസില്‍ കണ്‍ടോണ്‍മെന്റ് പോലീസ് സ്റ്റേഷനിലും അടിപിടി കേസില്‍ കിളിമാനൂര്‍ സ്റ്റേഷനിലും വിനീത് പ്രതിയായിരുന്നു.

Exit mobile version