ക്രെഡിറ്റ്‌സ് കിട്ടണം! കാന്താര പാട്ട് ‘നവരസം’ത്തിന്റെ കോപ്പിയടി: അംഗീകരിക്കും വരെ പോരാടുമെന്ന് തൈക്കുടം ബ്രിഡ്ജ്

കൊച്ചി: ഹിറ്റ് കന്നഡ ചിത്രം കാന്താരയിലെ ‘വരാഹരൂപം..’ എന്ന ഗാനം തൈക്കുടം ബ്രിഡ്ജിന്റെ ‘നവരസം’ എന്ന ഗാനത്തിന്റെ ടൈറ്റില്‍ ഗാനം കോപ്പിയടിച്ചതാണെന്ന്
ഉറപ്പിച്ച് തൈക്കുടം ബ്രിഡ്ജ്. നവരസത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടിട്ടേ ഉള്ളൂവെന്ന കാന്താര ടീമിന്റെ വാദം തെറ്റാണെന്നും തങ്ങള്‍ക്ക് അര്‍ഹമായ അവകാശം ലഭിക്കും വരെ പോരാടുമെന്നും തൈക്കൂടം ബ്രിഡ്ജ് മാനേജര്‍ സുജിത്ത് ഉണ്ണിത്താന്‍ അറിയിച്ചു.

തൈക്കൂടം ബ്രിഡ്ജിന് കിട്ടേണ്ട ക്രെഡിറ്റ്‌സ് കൃത്യമായി കിട്ടണം. പാട്ട് കോപ്പിയടിച്ചതാണെന്ന് അംഗീകരിക്കണം. അതിനു തയ്യാറായില്ലെങ്കില്‍ നിയമത്തിന്റെ വഴി സ്വീകരിക്കുമെന്നും തൈക്കൂടം മാനേജര്‍ വ്യക്തമാക്കി.

‘2016ല്‍ തെക്കുടം ബ്രിഡ്ജ് ലോഞ്ച് ചെയ്ത ആല്‍ബമാണ് നവരസം, സുജിത്ത് പറയുന്നു. ‘കാന്താരയിലെ പാട്ട് റിലീസായ പിറ്റേന്ന് തന്നെ കര്‍ണാടകയിലെ മ്യൂസിക് ഫ്രറ്റേണിറ്റിയിലുള്ള സംഗീതഞ്ജരും ആരാധകരും വിളിച്ച് പാട്ടിനെ കുറിച്ച് പറഞ്ഞിരുന്നു. നമ്മളാണോ ചെയ്തത് എന്ന് ചോദിച്ചും ക്രെഡിറ്റ്‌സിലൊന്നും പേരു കണ്ടില്ല നിങ്ങളുടെ പാട്ട് തന്നെയാണെന്ന് പറഞ്ഞുമെല്ലാം ഒരുപാട് പേര്‍ വിളിച്ചു. വീഡിയോയിലും വലിയ സാമ്യമുണ്ട്. അങ്ങനെയാണ് ഇക്കാര്യം ശ്രദ്ധിച്ചതെന്നും അവര്‍ പറഞ്ഞു.

‘സാധാരണ നമ്മുടെ പാട്ടുകള്‍ ഒരു തേര്‍ഡ് പാര്‍ട്ടി എടുക്കുമ്പോള്‍ അവര് നമ്മളെ ബന്ധപ്പെട്ട് കോപ്പിറൈറ്റ് എടുക്കുകയും പെയ്‌മെന്റ് നല്‍കുകയും ചെയ്യും. ഇതിനു മുമ്പ് പല പാട്ടുകളും അങ്ങനെ നല്‍കിയിട്ടുണ്ട്. എന്നാല്‍, ഈ പാട്ടിന്റെ കാര്യത്തില്‍ നമ്മള്‍ ഒന്നും അറിഞ്ഞിട്ടില്ല. കാന്താരയുടെ സംഗീത സംവിധായകന്റെ ഒരു ഇന്റര്‍വ്യൂവില്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ രാഗം ഒന്നായതുകൊണ്ട് സാമ്യം തോന്നുന്നതാണെന്നും ഇന്‍സ്പിരേഷനേ ഉള്ളൂ എന്നുമാണ് പറയുന്നത്. എന്നാല്‍, ഇവിടെ ഇന്‍സ്പിരേഷനല്ല പ്ലേജറിസമാണ് നടന്നിരിക്കുന്നത്. തൈക്കൂടത്തിന്റെ പാട്ട് അതേപടി കോപ്പിയടിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും -സുജിത്ത് വ്യക്തമാക്കി.

Exit mobile version