കളക്ടര്‍ മാമന്‍ വാക്ക് പാലിച്ചു: ചില്‍ഡ്രന്‍സ് ഹോമിലെ കുഞ്ഞുങ്ങള്‍ക്ക് ഇനി വലിയ ടിവി കാണാം

ചാരുംമൂട്: ചില്‍ഡ്രന്‍സ് ഹോമിലെ കുഞ്ഞുങ്ങള്‍ക്ക് ടിവി സമ്മാനിച്ച് വാക്ക് പാലിച്ച് കളക്ടര്‍ മാമന്‍. കഴിഞ്ഞ 13 നായിരുന്നു ആലപ്പുഴ ജില്ലാ കളക്ടര്‍ കൃഷ്ണതേജ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള കരിമുളയ്ക്കല്‍ ചില്‍ഡ്രന്‍സ് ഹോം സന്ദര്‍ശിച്ചത്. ജില്ലാ ശിശു സംരക്ഷണ ഓഫീസിന്റെ അഭ്യര്‍ത്ഥന പ്രകാരമായിരുന്നു സന്ദര്‍ശനം.

ഇവിടുത്തെ താമസക്കാരായ കുഞ്ഞുങ്ങളുടെ ചിട്ടയായ ജീവിത രീതികളില്‍ മതിപ്പ് പ്രകടിപ്പിച്ച കളക്ടര്‍ ചില്‍ഡ്രന്‍സ് ഹോമിലെ പരിമിതികള്‍ ഒന്നൊന്നായി മനസിലാക്കുകയും ചെയ്തിരുന്നു. കുട്ടികള്‍ക്ക് ഒരു ഹോം തീയേറ്റര്‍ എന്ന ഹോം സൂപ്രണ്ടിന്റെ അഭ്യര്‍ത്ഥനയ്ക്ക്, ലഭ്യമാക്കാമെന്ന് കളക്ടര്‍ മറുപടി നല്‍കി. പിന്നീട് കുട്ടികളുമായി സംവദിക്കുന്നതിനിടെയാണ് ഹാളിലുള്ള ചെറിയ ടെലിവിഷന്‍ കളക്ടറുടെ ശ്രദ്ധയില്‍പ്പെട്ടത്.

വലിയ ടിവി വേണമോ എന്ന ചോദ്യത്തിന് വേണം എന്ന് കുഞ്ഞുമക്കള്‍ ഒരേ സ്വരത്തില്‍ മറുപടി നല്‍കി. വലിയ ടിവി കിട്ടിയാല്‍ തങ്ങള്‍ക്ക് ലാലേട്ടന്റെയും മമ്മൂക്കായുടെയുമൊക്കെ സിനിമകളും പഠന പരിപാടികളും നന്നായി കാണാമെന്നും അവര്‍ പറഞ്ഞു.

എങ്കില്‍ ടിവി അടുത്ത ദിവസം എത്തുമെന്ന് ഉറപ്പ് നല്‍കിയായിരുന്നു കളക്ടര്‍ മടങ്ങിയത്. ബാങ്ക് ഓഫ് ബറോഡയുടെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ‘ഐആം ഫോര്‍ ആലപ്പി’ പദ്ധതി വഴി കഴിഞ്ഞ ദിവസം കളക്ടര്‍ ചില്‍ഡ്രല്‍സ് ഹോമിലേക്ക് ടിവി എത്തിച്ച് നല്‍കി വാക്കുപാലിച്ചു. അടുത്ത താവണ കാണുമ്പോള്‍ കളക്ടര്‍ മാമന് നന്ദി പറയണമെന്ന ആഗ്രഹത്തിലാണ് ചില്‍ഡ്രന്‍സ് ഹോമിലെ കുരുന്നുകള്‍.

Exit mobile version