വൈദ്യുതി വിച്ഛേദിച്ചിട്ട് മാസങ്ങളായി, കളക്ടര്‍ അങ്കിളിനോട് സങ്കടം പറഞ്ഞ് കുഞ്ഞ് അര്‍ജുന്‍: കറന്റും ടിവിയും സമ്മാനിച്ച് കളക്ടര്‍ കൃഷ്ണ തേജ

ആലപ്പുഴ: വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചിട്ട് മാസങ്ങളായി എന്ന് കളക്ടര്‍ അങ്കിളിന് കത്തെഴുതിയ അര്‍ജുന്‍ കൃഷ്ണയുടെ വീട്ടിലേക്ക് വൈദ്യുതി പുന:സ്ഥാപിച്ച് നല്‍കി ആലപ്പുഴ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ. മാവേലിക്കര അറന്നൂറ്റിമംഗലം സ്വദേശിയായ മൂന്നാം ക്ലാസുകാരനായ അര്‍ജുന്‍ കൃഷ്ണയാണ് ബുദ്ധിമുട്ടുകള്‍ വിവരിച്ച് കളക്ടര്‍ക്ക് കത്തെഴുതിയത്.

അറന്നൂറ്റിമംഗലം ഗവ എല്‍പിഎസിലെ വിദ്യാര്‍ത്ഥിയാണ് അര്‍ജുന്‍ കൃഷ്ണ. മാസങ്ങളായി വീട്ടില്‍ കറണ്ട് ഇല്ലാത്തതിനാല്‍ മെഴുകുതിരി വെട്ടത്തിലാണ് കുടുംബം കഴിയുന്നത്, വീട്ടിലിരുന്ന് പഠിക്കാന്‍ പോലും സാധിക്കുന്നില്ല എന്നിങ്ങനെയാണ് വിദ്യാര്‍ത്ഥി കത്തില്‍ എഴുതിയിരുന്നത്. എട്ട് വര്‍ഷമായി തന്റെ വീട്ടില്‍ ടിവി ഇല്ലാ എന്നും വിദ്യാര്‍ത്ഥി ചൂണ്ടി കാട്ടിയിരുന്നു. ബുധനാഴ്ചയാണ് വിആര്‍ കൃഷ്ണ തേജയ്ക്ക് കത്ത് ലഭിച്ചത്.

കോവിഡ് കാലം മുതലുള്ള വൈദ്യുതി ബില്‍ കുടിശിക ആയതിനാല്‍ വീട്ടിലെ വൈദ്യുതി വിഛേദിച്ചെന്നും വീട്ടിലൊരു ടെലിവിഷന്‍ ഇല്ലെന്നും ചൂണ്ടിക്കാട്ടി അറന്നൂറ്റിമംഗലം രഹ്ന വില്ലയില്‍ അര്‍ജുന്‍ കൃഷ്ണയാണ് കളക്ടര്‍ക്കു കത്തയച്ചത്. കത്ത് ലഭിച്ചയുടന്‍ കാര്യങ്ങള്‍ അന്വേഷിക്കാന്‍ വെട്ടിയാര്‍ വില്ലേജ് ഓഫിസര്‍ ജിജി മേരി ഈപ്പനു നിര്‍ദേശം നല്‍കി.

വില്ലേജ് ഓഫിസിലെ സ്റ്റാഫ് മുന്‍കയ്യെടുത്തു വൈദ്യുതി ഓഫിസിലെ കുടിശിക തുകയായ 8500 രൂപ അടച്ചു വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിച്ചു. ട്രിനിറ്റി അഡ്വന്റിസ്റ്റ് അക്കാദമി അര്‍ജുന്‍ കൃഷ്ണയ്ക്കു ടെലിവിഷന്‍ നല്‍കിയതിനൊപ്പം ഒരു വര്‍ഷത്തെ കേബിള്‍ കണക്ഷന്റെ തുകയും അടച്ചു. ഇന്നലെ വൈകിട്ട് കലക്ടര്‍ കൃഷ്ണതേജ എത്തി ടിവി അര്‍ജുന്‍ കൃഷ്ണയ്ക്കു കൈമാറി. അര്‍ജുനെ ചേര്‍ത്തു പിടിച്ചു വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. നിര്‍ധന കുടുംബാംഗമായ അര്‍ജുന് പഠിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാമെന്നും പുതിയ യൂണിഫോം വാങ്ങി നല്‍കാമെന്നും ഉറപ്പ് നല്‍കിയാണ് കളക്ടര്‍ മടങ്ങിയത്

Exit mobile version