താനും ഷാഫിയും മനുഷ്യ മാംസം ഭക്ഷിച്ചു: ഭഗവല്‍ സിങ് തുപ്പിക്കളഞ്ഞു; 10 കിലോ മാംസം സൂക്ഷിച്ചെന്നും റിപ്പോര്‍ട്ട്

തിരുവല്ല: നാടിനെ നടുക്കിയ പത്തനംതിട്ട നരബലി കേസില്‍ പ്രതികളുടെ നിര്‍ണായക വെളിപ്പെടുത്തല്‍. താനും ഒന്നാം പ്രതി മുഹമ്മദ് ഷാഫിയും മനുഷ്യ മാംസം പാകം ചെയ്ത് ഭക്ഷിച്ചെന്ന് ലൈല അന്വേഷണ സംഘത്തിന് മൊഴി നല്‍കി. എന്നാല്‍ ഭര്‍ത്താവ് ഭഗവല്‍ സിങ് മാസം തുപ്പിക്കളഞ്ഞെന്നുമാണ് ലൈലയുടെ മൊഴി. 10 കിലോഗ്രാം മനുഷ്യമാംസം സൂക്ഷിച്ചെന്നാണ് കണ്ടെത്തല്‍. ഫ്രീസറില്‍ സൂക്ഷിച്ച മാംസം പിന്നീട് മറ്റൊരു കുഴിയില്‍ ഉപേക്ഷിച്ചെന്നും കണ്ടെത്തല്‍.

പോലീസ് വാഹനത്തില്‍ തെളിവെടുപ്പിനെത്തിച്ച ലൈലയെ വീടിനുള്ളില്‍ കയറ്റിയാണ് ചോദ്യം ചെയ്യുന്നത്. കൊലപാതകം പുനരാവിഷ്‌കരിച്ചുകൊണ്ടുള്ള തെളിവെടുപ്പടക്കമുള്ള കാര്യങ്ങളും അന്വേഷണ സംഘം നടത്തിയിരുന്നു. ഇതിന് ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് മനുഷ്യമാംസം വേവിച്ച് കഴിച്ചെന്ന് ലൈല മൊഴി നല്‍കിയത്. ഷാഫിയെയും ചോദ്യം ചെയ്യുകയാണ്.

മാത്രമല്ല ഭഗവല്‍ സിങ്ങിന്റെ വീട്ടിലും ഫ്രിഡ്ജിനുള്ളിലും രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. പഴക്കമുള്ളതും പുതിയതുമായ രക്തക്കറകളാണ് കണ്ടെത്തിയത്. വീട്ടില്‍ പോലീസും ഫൊറന്‍സിക് വിദഗ്ധരും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. കൊലപാതകത്തിന് ഉപയോഗിച്ചു എന്നുകരുതുന്ന കത്തികളും സംഘം കണ്ടെത്തി.

ഒന്നാം പ്രതി മുഹമ്മദ് ഷാഫിയുടെ വിരലടയാളവും ഫൊറന്‍സിക് സംഘം ശേഖരിച്ചു. നരബലി നടന്ന മുറിക്കകത്ത് നിന്നും തെളിവുകള്‍ ശേഖരിച്ചു. തിരുമ്മല്‍ കേന്ദ്രത്തില്‍ നിന്ന് ആയുധങ്ങളും കണ്ടെത്തി.

ഭഗവല്‍ സിംഗിന്റെ വീട്ട് പരിസരത്തുനിന്ന് ഡോഗ് സ്‌ക്വാഡ് അസ്ഥി കണ്ടെടുത്തിരുന്നു. മരത്തിനു പിറകില്‍ ചെറിയ കുഴിയില്‍ കല്ല് കൊണ്ട് മറച്ച നിലയിലായിരുന്നു അസ്ഥി. കണ്ടെത്തിയത് മനുഷ്യന്റെ അസ്ഥിയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. വീടിന് പിന്‍വശത്തുള്ള പറമ്പിനോട് ചേര്‍ന്നുള്ള മഹാഗണി മരത്തിന് ചുവട്ടില്‍ നിന്നാണ് എല്ല് കണ്ടെത്തിയത്. എല്ല് കൂടുതല്‍ പരിശോധനയ്ക്കായി ഫൊറന്‍സിക് സംഘം ശേഖരിച്ചു.

Exit mobile version