മക്കളെ പഠിപ്പിച്ച് ഉന്നതനിലയിലെത്തിച്ചു: അവസാന ആഗ്രഹം യാഥാര്‍ഥ്യമായി കാണാതെ പത്മത്തിന്റെ ദാരുണാന്ത്യം

കൊച്ചി: മക്കളെ പഠിപ്പിച്ച് സ്വന്തം നിലയില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കി, ഇലന്തൂര്‍ നരബലിക്കിരയായ പത്മം മടങ്ങിയത് മകന്റെ വിവാഹം എന്ന സ്വപ്നം യാഥാര്‍ഥ്യമാകാതെ. ഇളയ മകന്‍ സെല്‍വരാജിന്റെ വിവാഹമായിരുന്നു പത്മത്തിന്റെ സ്വപ്നം.

കാണാതാവുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് സെല്‍വരാജിനോട് പത്മം വിവാഹത്തെ കുറിച്ച് സംസാരിച്ചിരുന്നു. ടിസിഎസില്‍ എന്‍ജിനീയറാണ് സെല്‍വരാജ്. മകനെ പഠിപ്പിച്ച് എന്‍ജിനീയറാക്കിയതിന്റെ അഭിമാനത്തിലായിരുന്നു പത്മം. ഏഴ് മാസം മുമ്പാണ് സെല്‍വരാജ് ജോലിയില്‍ പ്രവേശിച്ചത്.

ലെെല-ഭഗവന്ത് ദമ്പതികള്‍

പദ്മത്തിന്റെ മൂത്തമകന്‍ സേട്ടു സ്‌കൂള്‍ അധ്യാപകനായിരുന്നു. സേട്ടുവിന് പോളിടെക്നിക്കല്‍ ഫിസിക്സ് അധ്യാപകനായി നിയമനം ലഭിച്ചിരുന്നു. തമിഴ്നാട്ടിലെ ധര്‍മപുരി സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ അധ്യാപകനായി ചേരേണ്ട ദിവസമായിരുന്നു ചൊവ്വാഴ്ച. അതിനുള്ള തയ്യാറെടുപ്പിനിടയിലാണ് അപ്രതീക്ഷിതമായി അമ്മയുടെ മരണ വാര്‍ത്ത മക്കളെ തേടിയെത്തിയത്.

പത്മം കൊല്ലപ്പെട്ട വാര്‍ത്ത ബന്ധുക്കള്‍ക്ക് വിശ്വസിക്കാനായിരുന്നില്ല. പത്മത്തിന്റെ മകന്‍ സെല്‍വരാജ്, അനുജത്തി പളനിയമ്മ, ബന്ധുക്കളായ കൃഷ്ണന്‍, രാമു, മുനിയപ്പന്‍ എന്നിവരാണ് സംഭവ സ്ഥലത്തെത്തിയത്. മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുക്കുന്നത് കണ്ട് ഇളയ മകന്‍ സെല്‍വരാജ് ബോധരഹിതനായി. ആറ് പവന്‍ സ്വര്‍ണം പത്മത്തിന്റെ കൈവശം ഉണ്ടായിരുന്നു. പത്മത്തിനെ പ്രതികള്‍ ചതിയില്‍പ്പെടുത്തിയതാണെന്ന് സഹോദരി പളനിയമ്മ പറഞ്ഞു.

തമിഴ്നാട് സ്വദേശിയായ പത്മത്തെ സെപ്റ്റംബര്‍ 26നാണ് കാണാതാകുന്നത്. തമിഴ്നാട് സ്വദേശിയായ ഇവര്‍ ലോട്ടറി കച്ചവടം നടത്തുകയായിരുന്നു. പൊന്നുരുന്നി പഞ്ചവടി കോളനിയിലാണ് പത്മം താമസിച്ചിരുന്നത്. പത്മത്തെ കാണാതായതിന് പിന്നാലെ നടത്തിയ അന്വേഷണമാണ് ക്രൂര കൊലപാതകങ്ങള്‍ പുറത്തുകൊണ്ടുവന്നത്.

ജൂണ്‍ ആറിനാണ് റോസ്ലിയെ കാണാതാകുന്നത്. ആഗസ്റ്റ് 17ന് പോലീസില്‍ മകള്‍ പരാതി നല്‍കി. സെപ്റ്റംബര്‍ 26ന് പത്മത്തെ കാണാതായി. പത്മവുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ട നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഏജന്റ് റഷീദിലേക്ക് എത്തിയത്. ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് നരബലിയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്.

Exit mobile version