മദ്രസ വിദ്യാര്‍ത്ഥികളെ ദഫ്മുട്ട് പഠിപ്പിച്ച് സനല്‍കുമാര്‍: മത സൗഹാര്‍ദ്ദ വേദിയായി നബിദിനാഘോഷം

മലപ്പുറം: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷത്തിന്റെ നിറവിലാണ് ഇസ്ലാംമത വിശ്വാസികള്‍. നബിദിനാഘോഷം പൊലിമയില്‍ കൊണ്ടാടുമ്പോള്‍ മത സൗഹാര്‍ദ്ദത്തിന് വേദിയായിരിക്കുകയാണ് പൂക്കട്ടിരി റഹ്‌മത്ത് നഗര്‍.

മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് ദഫ്മുട്ടിന്റെ ചുവടുകള്‍ പഠിപ്പിച്ചാണ് റഹ്‌മത്ത് നഗറിലെ മാലപറമ്പില്‍ വേലായുധന്റെ മകന്‍ സനല്‍കുമാര്‍ മത സൗഹാര്‍ദ്ദത്തിന്റെ കാവലാളായത്.

സനല്‍കുമാര്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് ദഫ് മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചത്. റഹ്‌മത്ത് നഗറില്‍ സംഘടിപ്പിച്ച നബിദിന ഘോഷയാത്രയില്‍ മത്സരാടിസ്ഥാനത്തില്‍ നിരവധി ദഫ് സംഘങ്ങളാണ് പങ്കെടുത്തത്.

യുവാവ് ദഫ് കളിക്കുന്ന വിദ്യാര്‍ത്ഥികളെ അനുഗമിക്കുന്നതിന്റെയും നോട്ടുമാല സ്വീകരിക്കുന്നതിന്റേയും വീഡിയോ ഇതിനകം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായിട്ടുണ്ട്.

നിരവധി പുരസ്‌കാരങ്ങളും നോട്ടുമാലകളും സനല്‍കുമാറിന്റെ ദഫ് സംഘത്തിന് ലഭിച്ചു. റഹ്‌മത്ത് നഗറിലെ എല്ലാ വിഭാഗം ജനങ്ങളുടെ ആഘോഷ പരിപാടിയിലേയും നിറസാന്നിധ്യമാണ് സനല്‍കുമാര്‍.

Exit mobile version