വഞ്ചനയിലും ചതിക്കുഴികളിലും പെട്ട് ഏറെ ദുരിതങ്ങള്‍ അനുഭവിച്ചു; വളര്‍ത്തി വലുതാക്കിയവരാല്‍ തന്നെ അവഹേളിതനായി രാമചന്ദ്രന്‍ യാത്രയായി: കെടി കുഞ്ഞുമോന്‍

ദുബായ്: മലയാള ചലച്ചിത്ര നിര്‍മ്മാതാവും പ്രമുഖ വ്യവസായിയുമായ അറ്റ്‌ലസ് രാമചന്ദ്രന്റെ സംസ്‌കാര ചടങ്ങുകള്‍ ദുബായ് ജബല്‍ അലി ശ്മശാനത്തില്‍. മൃതദേഹ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതിനാല്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമായിരുന്നു സംസ്‌കാരം. അതേസമയം, നിര്‍മ്മാതാവ് കെടി കുഞ്ഞുമോന്‍ അറ്റ്‌ലസ് രാമചന്ദ്രനോട് മലയാള സിനിമാലോകം ചെയ്തത് ചതിയാണെന്ന് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

വയറിലെ മുഴയ്ക്കുള്ള ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അറ്റ്ലസ് രാമചന്ദ്രന്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ദുബൈയിലെ ആസ്റ്റര്‍ മന്‍ഖൂല്‍ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. അറ്റ്‌ലസ് രാമചന്ദ്രനെ മൂന്ന് ദിവസം മുന്‍പ് ദുബായ് മന്‍ഖൂല്‍ ആസ്റ്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയുണ്ടായ ഹൃദയാഘാതമാണ് മരണത്തിലേക്ക് നയിച്ചത്. യുഎഇസമയം രാത്രി 11 മണിയോടെയായിരുന്നു അന്ത്യം. വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം ദുബായിലായിരുന്നു താമസം. ഭാര്യ ഇന്ദു രാമചന്ദ്രന്‍, മകള്‍ ഡോ.മഞ്ജു രാമചന്ദ്രന്‍, പേരക്കുട്ടികളായ ചാന്ദിനി, അര്‍ജുന്‍ എന്നിവര്‍ മരണ സമയത്ത് ഒപ്പമുണ്ടായിരുന്നു. മകന്‍ ശ്രീകാന്ത് യുഎസിലാണ്.

also read- അറ്റ്‌ലസ് രാമചന്ദ്രന് കോവിഡ്; കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കാര ചടങ്ങുകള്‍

ഇതിനിടെ, കഴിഞ്ഞയാഴ്ച ദുബായ് സന്ദര്‍ശന വേളയില്‍ രാമചന്ദ്രനെ താന്‍ കണ്ടിരുന്നുവെന്നും സംസാരിച്ചിരുന്നുവെന്നും കെടി കുഞ്ഞുമോന്‍ പറയുന്നു. ശക്തമായ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹമെന്നാണ് കെടി കുഞ്ഞുമോന്‍ പറയുന്നത്.

കെടി കുഞ്ഞുമോന്റെ കുറിപ്പ്:

‘ഉറ്റ മിത്രത്തിന്റെ പെട്ടന്നുള്ള ഈ വേര്‍പാട് എന്നെ അതീവ ദുഃഖിതനാക്കുന്നു. അറ്റ്ലസ് രാമചന്ദ്രന്‍ അന്തരിച്ചു എന്ന വാര്‍ത്ത എന്നിലുണ്ടാക്കിയ ഞെട്ടലും ദുഃഖവും പറഞ്ഞറിയിക്ക വയ്യ. കഴിഞ്ഞ ആഴ്ച ദുബൈ സന്ദര്‍ശന വേളയില്‍ അദ്ദേഹവുമായി സംസാരിച്ചിരുന്നു. ശക്തമായ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ് താന്‍ എന്ന് പറഞ്ഞു. വഞ്ചനയിലും ചതിക്കുഴികളിലും പെട്ട് ഏറെ മാനസിക ദുരിതങ്ങള്‍ അനുഭവിച്ച അദ്ദേഹം തിരിച്ചു വരുന്നു എന്ന് കേട്ടപ്പോള്‍ ഉണ്ടായ എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു.’

‘പക്ഷെ ഒറ്റ രാത്രിയില്‍ എല്ലാം അവസാനിച്ചു. പലരുടെയും ജീവിതത്തിന് പ്രകാശം ചൊരിഞ്ഞ് അവസാനം സിനിമയില്‍ താന്‍ വളര്‍ത്തി വലുതാക്കിയവരാല്‍ തന്നെ അവഹേളിതനായ അദ്ദേഹം തന്റെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ബാക്കി വെച്ച് യാത്രയായി. ആ നല്ല ആത്മാവിന്റെ നിത്യ ശാന്തിക്കായി ദൈവത്തോട് പ്രാര്‍ഥിക്കുന്നു.’

Exit mobile version