കോടിയേരിയെ അവഹേളിച്ച് പോസ്റ്റ്: സസ്‌പെന്‍ഷന് പിന്നാലെ മാപ്പ് പറഞ്ഞ് പോലീസുകാരന്‍

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അവഹേളിച്ച് പോസ്റ്റിട്ടതില്‍ സസ്‌പെന്‍ഷന്‍ നടപടിയ്ക്ക് പിന്നാലെ മാപ്പ് ചോദിച്ച് പോലീസുകാരന്‍.

കോടിയേരിയെ അവഹേളിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനിലെ പോലീസുകാരനായ എഎസ്‌ഐ ഉറൂബിനെതിരെ നടപടി എടുത്തിരുന്നു. സ്‌കൂളിന്റെ പിടിഎ ഗ്രൂപ്പില്‍ നടത്തിയ അവഹേളന പരാമര്‍ശത്തിന് എതിരെ പരാതി വന്നതിന് പിന്നാലെ സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാര്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്തതിരുന്നു. നടപടിയ്ക്ക് പിന്നാലെയാണ് എഎസ്‌ഐ ഉറൂബ് ക്ഷമാപണം നടത്തിയത്.

സ്‌കൂള്‍ വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ഇട്ട് 30 സെക്കന്റിനകം ചെയ്തത് തെറ്റെന്ന് മനസിലാക്കി പോസ്റ്റ് പിന്‍വലിച്ചിരുന്നെന്ന വിശദീകരണത്തോടെയാണ് മാപ്പ് പറച്ചില്‍. കോടിയേരിയുടെ മരണവാര്‍ത്ത അറിഞ്ഞ ഉടന്‍ ആദരാഞ്ജലി അര്‍പ്പിച്ചിട്ടുള്ള പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു എന്നും ഉറൂബ് കൂട്ടിച്ചേര്‍ക്കുന്നു.

Read Also: അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു: ‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ ഇനി ഓര്‍മ്മ
കോടിയേരി ബാലകൃഷ്ണനെ കൊലപാതകി എന്ന് വിളിച്ചാണ് ഉറൂബ് അധിക്ഷേപകരമായ കുറിപ്പിട്ടത്. കുറിപ്പ് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ പോലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം ആനകോട് ബ്രാഞ്ച് സെക്രട്ടറി ഉറൂബിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

Exit mobile version