രണ്ടര പതിറ്റാണ്ട് താങ്ങും തണലുമായിരുന്ന പ്രിയ സഖാവ്! അവസാനമായി കണ്ട് അന്ത്യാഭിവാദ്യമര്‍പ്പിച്ച് പുഷ്പന്‍

തലശേരി: അന്തരിച്ച സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് അന്ത്യാഭിവാദ്യമര്‍പ്പിച്ച് കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്‍ എത്തി. മുദ്രാവാക്യം വിളികളോടെയാണ് ടൗണ്‍ ഹാളിലുണ്ടായിരുന്നവര്‍ പുഷ്പനെ സ്വീകരിച്ചത്. പാര്‍ട്ടി പതാക പുതപ്പിച്ച കോടിയേരിയുടെ ഭൗതിക ശരീരത്തിനരികെ പ്രവര്‍ത്തകര്‍ എടുത്തുകൊണ്ടുവന്നപ്പോള്‍ തല ചരിച്ച്, രണ്ടര പതിറ്റാണ്ട് തനിക്ക് താങ്ങും തണലുമായിരുന്ന പ്രിയ സഖാവിന്റെ മുഖം പുഷ്പന്‍ അവസാനമായി കണ്ടു.

എല്ലാ കാര്യങ്ങള്‍ക്കും അങ്ങോളമിങ്ങോളം കൂടെയുണ്ടായിരുന്ന ആളാണ് കോടിയേരിയെന്നും അവസാനമായി കാണാനെത്തിയതാണെന്നും പുഷ്പന്‍ പ്രതികരിച്ചു.

”അവസാനമായിട്ട് ഒന്ന് കാണാന്‍ വന്നതാണ്. എന്റെ എല്ലാ കാര്യങ്ങള്‍ക്കും എല്ലാ സഹായങ്ങളും ചെയ്ത് തന്ന ആളാണ്. നാട്ടിലുള്ളപ്പോഴും അല്ലാത്തപ്പോഴും വിളിക്കാറുണ്ട്. നാട്ടിലുള്ളപ്പോള്‍ കാണാന്‍ വരാറുണ്ട്.” കോടിയേരി സഖാവിന് ഹൃദയം കൊണ്ട് അഭിവാദ്യമര്‍പ്പിച്ച് കൊണ്ട് പുഷ്പന്‍ പറഞ്ഞു.

1994ലെ കൂത്തുപറമ്പ് വെടിവെപ്പില്‍ വെടിയേറ്റ് തളര്‍ന്നുകിടന്ന പുഷ്പന് താങ്ങും തണലുമായിരുന്നത് പാര്‍ട്ടിയായിരുന്നു. സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം കഴിഞ്ഞ മാര്‍ച്ചില്‍ കോടിയേരി പുഷ്പനെ ചൊക്ലിയിലെ വീട്ടിലെത്തി കണ്ടിരുന്നു.

ചികിത്സയിലായിരിക്കെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു കോടിയേരിയുടെ അന്ത്യം. മുഖ്യമന്ത്രി പിണറായി വിജയന്‍, നേതാക്കളായ എസ് രാമചന്ദ്രന്‍ പിള്ള, എംഎ ബേബി, തോമസ് ഐസക്, കെ കെ ശൈലജ തുടങ്ങിയ നേതാക്കള്‍ തലശേരി ടൗണ്‍ ഹാളിലെത്തി കോടിയേരി ബാലകൃഷ്ണന് അന്ത്യാഭിവാദ്യം അര്‍പ്പിച്ചു. ജനതിരക്ക് കണക്കിലെടുത്ത് ഇന്ന് മുഴുവന്‍ മൃതദേഹം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ മാടപ്പീടികയില്‍ കോടിയേരിയുടെ വീട്ടിലും 11 മണി മുതല്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനമുണ്ടാകും. പയ്യാമ്പലത്ത് വൈകീട്ട് മൂന്നിന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം.

Exit mobile version