‘നല്ല ക്ഷീണമുണ്ടായിരുന്നിട്ടും ഏറെ നേരം സംസാരിച്ചുകൊണ്ടിരുന്നു’: കോടിയേരിയെ അവസാനമായി കണ്ടതിനെ കുറിച്ച് കുഞ്ഞാലിക്കുട്ടി

മലപ്പുറം: കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അര്‍പ്പിച്ച് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിച്ച ഓര്‍മ്മകളാണ് കുഞ്ഞാലിക്കുട്ടി പങ്കുവയ്ക്കുന്നത്.

#സൗഹൃദത്തിന് വലിയ പ്രാധാന്യം നല്‍കിയ നേതാവായിരുന്നെന്നും എന്നും ബന്ധങ്ങളെ കാത്തുസൂക്ഷിച്ച വ്യക്തിത്വമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

‘രാഷ്ട്രീയത്തിനപ്പുറം എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായിട്ടാണ് ഞങ്ങള്‍ കഴിഞ്ഞിരുന്നത്. അപ്പോളോ ആശുപത്രിയില്‍ കാണാനെത്തിയപ്പോള്‍ ഏറെ നേരം തങ്ങളും ഞാനുമായി സംസാരിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന് നല്ല ക്ഷീണമുണ്ടായിരുന്നു. ബന്ധുക്കളോട് പോലും കുറച്ച് നേരം മാറിയിരിക്കാന്‍ കൈകൊണ്ട് പറഞ്ഞാണ് ഞങ്ങളോട് സംസാരിച്ചത്.

അന്ന് മുഴുവന്‍ സംസാരം പോലും പുറത്തുവരുന്നുണ്ടായിരുന്നില്ല. പക്ഷേ സൗഹൃദത്തിന് അദ്ദേഹം അത്രമാത്രം പ്രാധാന്യം നല്‍കിയിരുന്നു. അവശതയുടെ ഘട്ടത്തില്‍ പോലും ബന്ധങ്ങള്‍ക്ക് അത്ര പ്രാധാന്യം നല്‍കിയിരുന്നു കോടിയേരി….’

ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു കോടിയേരിയുടെ അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ ഇന്ന് വൈകിട്ട് എട്ട് മണിയോടെയായിരുന്നു മരണം. പ്രതിസന്ധിയുടെ കാലത്ത് സിപിഐഎമ്മിനെ പോറലേല്‍ക്കാതെ നയിച്ച നേതാവാണ് കോടിയേരി. എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ചതിനു പിന്നില്‍ കോടിയേരിയുടെ വിശ്രമരഹിതമായ പ്രയത്‌നവും നേതൃശേഷിയുമുണ്ട്. ആറരവര്‍ഷം പാര്‍ട്ടിയെ നയിച്ചു. സംഘടനാപാടവവും ആശയദൃഢതയും സൗമ്യമായ ഇടപെടലുംകൊണ്ട് രാഷ്ട്രീയ എതിരാളികളുടെയടക്കം ആദരം പിടിച്ചുപറ്റാനും അദ്ദേഹത്തിനായി

Exit mobile version