അപ്പന്‍ എനിക്ക് ജന്മം തന്നു, ഞാനും അപ്പന് പുതിയൊരു ജീവിതം നല്‍കുന്നു; നെല്‍സണ് കരള്‍ പകുത്ത് നല്‍കി ജീവിതത്തിലേക്ക് കൈപിടിച്ച് 18കാരി മകള്‍; ഇത് പുതുജീവന്‍!

തൃശ്ശൂര്‍: വടക്കുംചേരിയിലെ എവിലിന്‍ എന്ന പെണ്‍കുട്ടി സ്വന്തം പിതാവിന് കരള്‍ പകുത്ത് നല്‍കി നന്മയുടെ പ്രതിരൂപം ആയിരിക്കുകയാണ്. പതിനെട്ട് വയസ് മാത്രം പ്രായമുള്ള ഈ പെണ്‍കുട്ടി പിതാവിന് സ്വയം കരള്‍ പകുത്ത് നല്‍കാന്‍ തയ്യാറായി മുന്നോട്ട് വരികയായിരുന്നു.

വണ്ടിക്കച്ചവടക്കാരനാണ് നെല്‍സണ്‍. ഭാര്യ ബിനുവിനും മക്കളായ എവിലിനും ഇഷിതയ്ക്കും ഒപ്പം തൃശ്ശൂരിലെ വടക്കുംചേരിയിലാണ് നെല്‍സന്റെ താമസം. ഒരു ദിവസം മലപ്പുറത്തേക്ക് ജോലിയുടെ ആവശ്യത്തിനായി പോകാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയ നെല്‍സണ് കുഴഞ്ഞ്വീഴുകയായിരുന്നു. രണ്ടു മാസം ആശുപത്രി കിടക്കിയിലായിരുന്നു നെല്‍സണ്‍ന്റെ ജീവിതം. പിത്താശയത്തില്‍ കല്ലുനിറഞ്ഞതായിരുന്നു അപകട കാരണം. ഇത് രക്തത്തില്‍ അണുബാധയായി കരളിനെ ബാധിക്കുകയായിരുന്നു.

തുടര്‍ന്ന് കരള്‍ മാറ്റിവെയ്ക്കുകയല്ലാതെ മറ്റു വഴികളൊന്നും അവര്‍ക്ക് മുന്നിലുണ്ടായിരുന്നില്ല. ഇതോടെ ദാതാവിനെ കണ്ടെത്താനായി ശ്രമിച്ചു. നെല്‍സണ്‍ന്റെ ഇരട്ടസഹോദരന്‍ ജാക്ക്‌സണിനെ ദാതാവായി നിശ്ചയിച്ചെങ്കിലും അദ്ദേഹത്തിന് ഫാറ്റി ലിവര്‍ ആയതിനാല്‍ ആ ശ്രമം പരാജയപ്പെട്ടു. ഇതോടെ പതിനെട്ടുകാരിയായ മകള്‍ എവിലിന്‍ അച്ഛന് പുതുജീവന്‍ സമ്മാനിക്കാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു.

മകള്‍ സമ്മതം പറഞ്ഞപ്പോള്‍ സങ്കടം മുഴുവന്‍ തനിക്കായിരുന്നെന്ന് നെല്‍സണ്‍ പറയുന്നു. മകള്‍ക്കും ശസ്ത്രക്രിയ ചെയ്യേണ്ടേ എന്ന് ആലോചിച്ചപ്പോള്‍ ആകെ വിഷമമായി. എന്നാല്‍ മകള്‍ പറഞ്ഞത്, ‘അപ്പന്‍ എനിക്ക് ജന്മം തന്നു. അതുപോലെ ഞാനും അപ്പന് പുതിയൊരു ജീവിതം നല്‍കുകയാണ്. അപ്പന്‍ പേടിക്കണ്ട’- എന്നായിരുന്നു.

also read- ജീപ്പിന്റെ മുന്നിലെയും പിന്നിലെയും ടയർ കയറി ഇറങ്ങി; കൂളായി എഴുന്നേറ്റ് നിന്ന് സ്‌കൂട്ടർ യാത്രിക, ജെന്നിയ്ക്ക് അത്ഭുത രക്ഷ നൽകിയത് ഹെൽമെറ്റ്! നിസാര പരിക്കുകൾ മാത്രം

ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. 45 ലക്ഷം രൂപ ആകെ ചിലവു വന്ന ശസ്ത്രക്രിയയാണ് നടത്തിയത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും സഹായിച്ചതോടെ പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടായില്ലെന്നാണ് നെല്‍സണ്‍ പറയുന്നത്. ശസ്ത്രക്രിയക്ക് ശേഷം ഒന്നര മാസത്തോളും ആശുപത്രിയില്‍ കിടന്നു. പിന്നീടുള്ള ഒന്നര മാസം ചികിത്സാ സൗകര്യത്തിനായി ആശുപത്രിയുടെ തൊട്ടടുത്തുള്ള വാടക വീട്ടിലാണ് കുടുംബം താമസിച്ചത്.

നിലവില്‍ വടക്കുംചേരിയിലെ വീട്ടില്‍ വിശ്രമത്തിലാണ് നെല്‍സണ്‍. ആറു മാസം പൂര്‍ത്തിയാകാതെ പുറത്തിറങ്ങാന്‍ പറ്റില്ല. അടുത്ത ഡിസംബറോടെ വീണ്ടും ജോലിക്ക് പോയിതുടങ്ങാമെന്നാണ് നെല്‍സണ്‍ കരുതുന്നത്. പെരുമ്പാവൂരിലെ സാന്‍ജോ കോളേജ് ഓഫ് നഴ്‌സിങ് വിദ്യാര്‍ഥിനിയാണ് എവിലിന്‍. ശസ്ത്രക്രിയ കഴിഞ്ഞ് ഒന്നര മാസം എവിലിനും വിശ്രമിക്കേണ്ടി വന്നു. ഇപ്പോള്‍ കോളേജില്‍ പോകാന്‍ തുടങ്ങിയിരിക്കുകയാണ്. എവിലിന്‍ ഹോസ്റ്റലിലാണ് താമസിക്കുന്നത്.

Exit mobile version