ദത്തെടുക്കണമെന്നില്ല, ആരോരുമില്ലാത്ത കുട്ടികളെ വീട്ടില്‍ക്കൊണ്ടുപോയി സംരക്ഷിക്കാം; ഫോസ്റ്റര്‍ കെയര്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നടപടി

ആലപ്പുഴ കടപ്പുറം വനിതാ-ശിശു ആശുപത്രിയുടെ മതിലിനോടു ചേര്‍ന്നുള്ള അമ്മത്തൊട്ടില്‍ കൂടുതല്‍ സ്വകാര്യമായിടത്തേക്കു മാറ്റാനുള്ള ചര്‍ച്ച നടക്കുന്നുണ്ട്

BABY

ആലപ്പുഴ: തുമ്പോളിയിലെ കുറ്റിക്കാട്ടില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തെ തുടര്‍ന്ന് ശിശുസംരക്ഷണത്തിനും വളര്‍ത്തു പരിചരണത്തിനുമുള്ള (ഫോസ്റ്റര്‍ കെയര്‍) സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നടപടി തുടങ്ങി.

ആലപ്പുഴ കടപ്പുറം വനിതാ-ശിശു ആശുപത്രിയുടെ മതിലിനോടു ചേര്‍ന്നുള്ള അമ്മത്തൊട്ടില്‍ കൂടുതല്‍ സ്വകാര്യമായിടത്തേക്കു മാറ്റാനുള്ള ചര്‍ച്ച നടക്കുന്നുണ്ട്. കുട്ടികളെ വളര്‍ത്തു പരിചരണത്തിനായി നല്‍കുന്നതിനുള്ള നടപടികളും ശക്തമായിട്ടുണ്ട്.

also read: എറണാകുളം മില്‍മ ഓഫീസില്‍ ജോലി വാഗാദാനം ചെയ്ത് തട്ടിപ്പ്; 10 ലക്ഷം രൂപ നഷ്ടമായ ദമ്പതികള്‍ പോലീസില്‍ പരാതി നല്‍കി

സാധാരണയുള്ള ദത്തെടുക്കല്‍ നടപടിക്കു കാലതാമസം ഏറെയുണ്ട്. അതിനാല്‍ അവധിക്കാലാഘോഷത്തിന് കുട്ടികളുടെ സംരംക്ഷണം ഏറ്റെടുക്കാന്‍ വളര്‍ത്തു പരിചരണത്തിലൂടെ കഴിയും. കുട്ടികളില്ലാത്തവര്‍ക്കും ഉള്ളവര്‍ക്കും പദ്ധതിയുടെ ഭാഗമാകാം.

ആറു മുതല്‍ 18 വരെ വയസ്സുള്ള കുട്ടികളെയാണ് ഏറ്റെടുക്കാന്‍ കഴിയുക. ആറുമാസത്തേക്കു കുട്ടിയെ വീട്ടില്‍ക്കൊണ്ടുപോയി സംരക്ഷിക്കാം. തുടര്‍ന്നും താത്പര്യമുണ്ടെങ്കില്‍ ആറുമാസംകൂടി നീട്ടാം. ഇത്തരത്തില്‍ പരമാവധി അഞ്ചുവര്‍ഷംവരെ ഒപ്പം നിര്‍ത്താനാകും. ഇങ്ങനെയുള്ളവരില്‍നിന്നും അര്‍ഹതയുള്ളവര്‍ക്കു ദത്തെടുക്കല്‍ നടപടിയിലേക്കു നീങ്ങാം. ആരോരുമില്ലാത്ത കുട്ടികളെയാണ് ഇതിലേക്കു പരിഗണിക്കുക.

അതേസമയം, ആലപ്പുഴ തുമ്പോളിയില്‍ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച 12 ദിവസം പ്രായമുള്ള കുഞ്ഞിനെ ഈ മാസം ഇരുപതാം തിയതി ശിശുക്ഷേമ സമിതിക്ക് കൈമാറി. കുഞ്ഞിനെ ബീച്ചിലെ ശിശു പരിചരണ കേന്ദ്രത്തില്‍ പരിപാലിക്കാനാണ് തീരുമാനം. കുഞ്ഞിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഡോക്ടര്‍ റിപ്പോര്‍ട്ട് ചെയ്തതിരുന്നു. ഇതിനെ തുടര്‍ന്നാണ് ശിശുക്ഷേമ സമിതി നവജാത ശിശുവിന്റെ പരിചരണം ഏറ്റെടുത്തത്.

തുമ്പോളി സ്വദേശിയായ യുവതിയുടേതാണ് കുട്ടിയെന്ന് കണ്ടെത്തിയിരുന്നു. യുവതി കുട്ടി തന്റേതാണെന്ന് പോലീസിനോട് സമ്മതിച്ചെങ്കിലും കുഞ്ഞിനെ വേണമെന്ന് ആവശ്യപ്പെട്ടിരുന്നില്ല. കുഞ്ഞിനെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച കേസ് അന്വേഷണം ഊര്‍ജിതമാക്കാന്‍ പോലീസിന് ജില്ലാ കളക്ടര്‍ കൃഷ്ണതേജ പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു.

ഈ മാസം ഒമ്പതാം തിയതി, തുമ്പോളി ജംങ്ഷന് സമീപം ആക്രി പെറുക്കാന്‍ എത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് പൊന്തക്കാട്ടില്‍ നിന്ന് കുട്ടി കണ്ടെത്തിയത്. പൊന്തക്കാട്ടില്‍ നിന്നുള്ള കരച്ചില്‍ കേട്ട് ഇവര്‍ നടത്തിയ തെരച്ചിലിനൊടുവില്‍ പെണ്‍കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. കുഞ്ഞ് ജനിച്ച് അധികസമയമാകും മുന്‍പേ ഉപക്ഷേച്ചിതാണെന്ന് പിന്നാലെ വ്യക്തമായിരുന്നു.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തിയതും കുഞ്ഞിനെ വനിതാ ശിശു ആശുപത്രിയിലേക്ക് മാറ്റിയതും. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മാതാവിനെ തിരിച്ചറിഞ്ഞത്. പ്രസവത്തെ തുടര്‍ന്നുള്ള അമിത രക്തസ്രവത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പോലീസ് ഇവരെ കണ്ടെത്തിയത്.

Exit mobile version