പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ കമന്റ്: നടന്‍ നസ്ലിന്‍ ഗഫൂറിന്റെ പേരില്‍ കമന്റ് വന്നത് യുഎഇയില്‍ നിന്ന്; അക്കൗണ്ട് ഡിലീറ്റ് ചെയ്തു

കൊച്ചി: പ്രധാനമന്ത്രിക്കെതിരെ നടന്‍ നസ്ലിന്‍ ഗഫൂറിന്റെ പേരിലുള്ള അക്കൗണ്ടില്‍ നിന്നും കമന്റിട്ടത് യുഎഇയില്‍ നിന്നെന്ന് സൈബര്‍ പോലീസ്. പോലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ആ അക്കൗണ്ട് ഫേസ്ബുക്ക് ഡിലീറ്റ് ചെയ്തു. കാക്കനാട് സൈബര്‍ സെല്ലില്‍ ഇന്നലെയാണ് നസ്ലിന്‍ പരാതി നല്‍കിയത്.

ഏഴ് പതിറ്റാണ്ടിന് ശേഷം ഇന്ത്യയില്‍ എത്തിയ ചീറ്റകളെ പ്രധാനമന്ത്രി തുറന്നുവിട്ട വാര്‍ത്തയ്ക്ക് താഴെയാണ് അധിക്ഷേപിക്കുന്ന തരത്തില്‍ നസ്ലിന്റെ പേരിലുള്ള വ്യാജ അക്കൗണ്ടില്‍ നിന്നും കമന്റ് വന്നത്.

”ഒരു ചീറ്റയെങ്കിലും പുറത്തേക്ക് ചാടിയാല്‍ ഈ രാജ്യം രക്ഷപ്പെടുമായിരുന്നു” എന്നായിരുന്നു കമന്റ്.

കമന്റ് ശ്രദ്ധയില്‍പ്പെട്ടതോടെ നസ്ലിനെതിരെ സൈബര്‍ ആക്രമണം രൂക്ഷമായിരുന്നു. അതേസമയം, താനല്ല കമന്റിട്ടതെന്ന് നസ്ലിന്‍ ഇന്‍സ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയിരുന്നു. സൈബര്‍ ആക്രമണം രൂക്ഷമായതോടെയാണ് നസ്ലിന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്.

ഇനി മുതല്‍ താന്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ കാണുകയില്ലെന്നു പലരും പറഞ്ഞതില്‍ വിഷമമുണ്ട്. സുഹൃത്തുക്കള്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ ഷെയര്‍ ചെയ്തപ്പോഴാണ് ഈ സംഭവം അറിയുന്നത് എന്നും, തനിക്ക് കമന്റിട്ട ആളെ അറിയില്ലെന്നും നടന്‍ പറഞ്ഞു.

പലര്‍ക്കും അത് ഒരു വ്യാജ അക്കൗണ്ടാണെന്നു മനസിലായില്ല. താനാണ് അതു ചെയ്തതെന്നു വിശ്വസിച്ച് വിവിധ സംഘടനകള്‍ തനിക്കെതിരെ തിരിഞ്ഞു. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ എത്തി അസഭ്യം പറയാനും തുടങ്ങി. സ്വയം ചെയ്യാത്ത കാര്യത്തിനു പഴി കേള്‍ക്കേണ്ടി വന്നതില്‍ ദുഖമുണ്ടെന്നും താരം പറഞ്ഞു.

Exit mobile version