പിതാവ് രോഗിയായതോടെ കുടുംബഭാരം കുറയ്ക്കാന്‍ വാനിലെ ക്ലീനറായി ജോലി; സാന്ദ്രയുടെ പഠനത്തിന് സഹായവുമായി കാലടി ആദിശങ്കര ട്രസ്റ്റ്

കൊച്ചി: കുടുംബത്തിന്റെ അത്താണിയായ പിതാവ് രോഗിയായതോടെ കുടുംബ ഭാരം ഏറ്റെടുത്ത് വാനില്‍ ക്ലീനര്‍ ജോലി ഏറ്റെടുത്ത സാന്ദ്ര സലീമിന്റെ തുടര്‍ പഠനത്തിനു സുമനസുകളുടെ സഹായഹസ്തം. പ്ലസ്ടുവിന് 4 എ പ്ലസ് ഉള്‍പ്പെടെ നേടുകയും സിവില്‍ ഡിപ്ലോമയടക്കം പൂര്‍ത്തിയാക്കി ബിടെക്കിനു ശ്രമിക്കുന്ന മലയാറ്റൂര്‍ തോട്ടുവ സ്വദേശിനിയായ സാന്ദ്രയ്ക്കാണ് കാലടി ആദിശങ്കര ട്രസ്റ്റ് വിദ്യാഭ്യാസ സഹായം വാഗ്ദാനം ചെയ്തത്.

ഈ ട്രസ്റ്റിന്റെ കീഴിലുള്ള ആദിശങ്കര എന്‍ജിനീയറിങ് കോളജില്‍ സാന്ദ്രയ്ക്കു സൗജന്യമായി ബിടെക് പഠിക്കാമെന്നും ഇഷ്ടമുള്ള വിഷയം തെരഞ്ഞെടുക്കാമെന്നും ട്രസ്റ്റ് അറിയിച്ചു. പ്രവേശന പരീക്ഷ പാസായാലും പിതാവിനു സുഖമില്ലാത്തതിനാല്‍ ജോലി ചെയ്യേണ്ടി വരുന്നതിനാല്‍ എങ്ങനെ പഠനം മുന്നോട്ടു കൊണ്ടു പോകും എന്ന ആശങ്കയിലായിരുന്നു വിദ്യാര്‍ത്ഥിനി.

ഇക്കാര്യമറിഞ്ഞ ആദിശങ്കര ട്രസ്റ്റ് സാന്ദ്രയുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുകായയിരുന്നു. കാലടി ബ്രഹ്‌മാനന്ദോദയം സ്‌കൂളിലേക്കു വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന വാനില്‍ ക്ലീനറായി ജോലി ചെയ്യുകയായിരുന്നു സാന്ദ്ര. പിതാവ് സലിം വൃക്ക രോഗം മൂര്‍ച്ഛിച്ച് എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇതിനിടെ ഹൃദയാഘാതവുമുണ്ടായി.

ശ്രീമുരുക എന്നു പേരുള്ള വാനായിരുന്നു കുടുംബത്തിന്റെ വരുമാന മാര്‍ഗം. പിതാവ് ആശുപത്രിയിലായതോടെ വരുമാനം മുടങ്ങാതിരിക്കാന്‍ സാന്ദ്ര വാഹനത്തിനു ഡ്രൈവറെ നിയോഗിക്കുകയും സഹായിയായി വാഹനത്തില്‍ പോകാനും തീരുമാനിക്കുകയായിരുന്നു.

also read- പ്രധാനമന്ത്രിയുടെ ജന്മദിനം; അഹമ്മദാബാദിലെ മെഡിക്കല്‍ കോളജിന്റെ പേര് നരേന്ദ്ര മോഡി എന്നാക്കി മാറ്റും

മാനേജിങ് ട്രസ്റ്റി കെ.ആനന്ദ്, ആദിശങ്കര ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ പ്രഫ. സി.പി.ജയശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് ട്രസ്റ്റ് പഠന സഹായ സമ്മതപത്രം സാന്ദ്രയ്ക്കു കൈമാറി. ആദിശങ്കര ജനറല്‍ മാനേജര്‍ എന്‍.ശ്രീനാഥ്, ബ്രഹ്‌മാനന്ദോദയം സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ കെ.ജയകുമാര്‍, വാര്‍ഡ് മെമ്പര്‍ പി.ബി.സജീവ്, അധ്യാപിക വി.ആര്‍.ഷീല തുടങ്ങിയവര്‍ സാന്ദ്രയെ അഭിനന്ദിച്ചെത്തി.

Exit mobile version