ട്രെയിനില്‍ കല്ലേറ് കൊണ്ട് ചോരയില്‍ കുളിച്ച് കീര്‍ത്തന; ദൈവത്തിന്റെ കരങ്ങളായെത്തിയത് മെഡിക്കല്‍ വിദ്യാര്‍ഥിനി നിഹാല

കോട്ടയം: ‘തട്ടമിട്ട് ദേവദൂതയെപ്പോലെ വന്ന് ചോരയില്‍ കുളിച്ച കീര്‍ത്തനയ്ക്ക് ആശ്വാസം പകര്‍ന്ന ആ കരങ്ങളെ കണ്ടെത്തി. മെഡിക്കല്‍ വിദ്യാര്‍ഥിയായ നിഹാല ഷെറിന്‍ ആണ് കാരുണ്യമുഖമായത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ് നിഹാല ഷെറിന്‍. കഴിഞ്ഞ ശനിയാഴ്ച മംഗളൂരു -തിരുവനന്തപുരം എക്‌സ്പ്രസില്‍(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ കല്ലേറിലാണ് കീര്‍ത്തന രാജേഷിന് (12) ഗുരുതര പരിക്കേറ്റത്.

തലയില്‍ നിന്ന് രക്തം വാര്‍ന്നൊഴുകി ഭയന്നുവിറച്ച കീര്‍ത്തനയ്ക്കും കുടുംബത്തിനും ആശ്വാസമായി എത്തി പ്രാഥമിക ശുശ്രൂഷ നല്‍കിയത് നിഹാല ആയിരുന്നു. രക്ഷാകരം നീട്ടിയ പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ കീര്‍ത്തനയ്ക്ക് സാധിച്ചിരുന്നില്ല. മുറിവേറ്റ തന്നെ ശുശ്രൂഷിച്ചത് ഒരു ചേച്ചിയാണെന്നു മാത്രമേ കീര്‍ത്തനയ്ക്ക് അറിയാമായിരുന്നുള്ളൂ. ആരാണെന്ന് അന്വേഷിക്കാന്‍ അന്ന് കീര്‍ത്തനയുടെ മാതാപിതാക്കള്‍ക്കും കഴിഞ്ഞില്ല.

തട്ടമിട്ട് ദേവദൂതയെപ്പോലെ വന്ന ആ ചേച്ചി ആരാണെന്ന് അറിയാന്‍ കീര്‍ത്തനയ്ക്ക് ആഗ്രഹമുണ്ടെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് കണ്ടാണ് നിഹാലയുടെ മാതാപിതാക്കള്‍ വിവരം അറിയിച്ചത്. അഴീക്കോട് മിന്‍കുന്ന് വലിയപറമ്പിലെ വീട്ടില്‍ നിന്ന് ഓണാവധി കഴിഞ്ഞ് ട്രെയിനില്‍ കോട്ടയത്തേക്ക് മടങ്ങുകയായിരുന്നു നിഹാല. താന്‍ ചെയ്തത് അത്ര വലിയ കാര്യമൊന്നുമല്ലെന്നും തന്റെ കടമ മാത്രമാണ് നിര്‍വഹിച്ചതെന്നും നിഹാല പറയുന്നു.

”തൊട്ടടുത്തുള്ള ബര്‍ത്തില്‍ കരച്ചില്‍ കേട്ടു. ഓടിച്ചെന്നപ്പോള്‍ രക്തത്തില്‍ കുളിച്ചു നില്‍ക്കുന്ന കുട്ടിയെയും ചുറ്റും കൂടി നില്‍ക്കുന്നവരെയുമാണ് കണ്ടത്. അവരെല്ലാം ഒരു ഡോക്ടറുടെ സഹായം തേടുകയായിരുന്നു. കുട്ടിയും മാതാപിതാക്കളും ഭയപ്പെട്ട് കരയുകയായിരുന്നു. അവരെ ആദ്യം ശാന്തരാക്കുകയായിരുന്നു ചെയ്തത്.

Read Also: നരേന്ദ്ര മോഡിയുടെ പിറന്നാള്‍ ദിനത്തില്‍ ചീറ്റപ്പുലികളെ എത്തിക്കുക ‘കടുവ’ വിമാനത്തില്‍

തലയില്‍ എവിടെ നിന്നാണ് രക്തം വരുന്നതെന്ന് മനസ്സിലാകുന്നുണ്ടായിരുന്നില്ല. തുടര്‍ന്ന് വെള്ളം ഒഴിച്ചു കഴുകി. ആരോ ഫസ്റ്റ് എയ്ഡിന് ആവശ്യമായ കുറച്ചുതുണിയും മറ്റും എത്തിച്ചു. മുറിവ് കെട്ടിയതോടെ രക്തം ഒഴുകുന്നത് നിന്നു. പേടിക്കേണ്ടെന്നും മുറിവിന് രണ്ട് സ്റ്റിച്ച് മതിയാകുമെന്നും പറഞ്ഞതോടെയാണ് കുട്ടിക്കും മാതാപിതാക്കള്‍ക്കും ആശ്വാസമായതെന്ന് നിഹാല പറയുന്നു.

നിലവിളികേട്ട് ഓടിയെത്തിയ ടിടിഇ ഷാജി പനിക്കുളം പാലക്കാട് ഡിവിഷനില്‍ വിവരം അറിയിച്ചു. മരുന്നുകള്‍ റെയില്‍വേ ജീവനക്കാര്‍ എത്തിച്ചു. ഇതിനിടെ യാത്രക്കാരില്‍ ആരോ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. പരുക്ക് ഗുരുതരമല്ലെന്ന് ഉറപ്പാക്കിയതോടെ ട്രെയിന്‍ യാത്ര തുടരുകയായിരുന്നു.

മൂകാംബികയില്‍ ക്ഷേത്ര ദര്‍ശനത്തിനു ശേഷം കോട്ടയത്തേക്കുള്ള മടക്കയാത്രയ്ക്കിടെയാണ് കീര്‍ത്തനയ്ക്ക് പരുക്കേറ്റത്. ഓണത്തിരക്കു കാരണം പല കോച്ചുകളിലായാണ് ഇവര്‍ക്കു സീറ്റ് ലഭിച്ചത്. എസ് 1 കോച്ചിലായിരുന്നു കീര്‍ത്തനയ്ക്കും അച്ഛന്‍ രാജേഷിനും സീറ്റ് ലഭിച്ചിരുന്നത്. അമ്മ രഞ്ജിനിക്കും അച്ഛമ്മ വിജയകുമാരിക്കും എസ് 10 കോച്ചിലും. താഴെചൊവ്വ റെയില്‍വേ ഗേറ്റ് കടന്ന ശേഷമാണ് കല്ലേറു കൊണ്ടത്. പാമ്പാടി പൊത്തന്‍പുറം ബിഎംഎം സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ് കീര്‍ത്തന.

രക്ഷാകരം നീട്ടിയ നിഹാലയെ വീണ്ടും കാണണമെന്ന ആഗ്രഹത്തിലാണ് കീര്‍ത്തനയും കുടുംബവും

Exit mobile version