പത്ത് കടക്കണം: 73-ാം വയസില്‍ പത്താംക്ലാസ് പരീക്ഷയെഴുതി നടി ലീന ആന്റണി

ചേര്‍ത്തല: 73-ാം വയസില്‍ പത്താംക്ലാസ് പരീക്ഷയെഴുതി നടി ലീന ആന്റണി. ഇന്ന് നടന്ന സംസ്ഥാന സാക്ഷരത മിഷന്റെ 10-ാംതരം തുല്യത പരീക്ഷ എഴുതിയിരിക്കുകയാണ് നടി.

നാടകത്തിലും തുടര്‍ന്ന് ഈ അടുത്ത് സിനിമയിലും ശ്രദ്ധ നേടിയ ലീന ആന്റണി നാടകപ്രവര്‍ത്തകനും ചലച്ചിത്ര നടനുമായിരുന്ന പരേതനായ കെഎല്‍ ആന്റണിയുടെ ഭാര്യയാണ്.

തൈക്കാട്ടുശേരി ഉളവയ്പ് സ്വദേശിനിയായ ലീന ഏഴാം ക്ലാസ് വിജയിച്ചെങ്കിലും തുടര്‍പഠനം നടത്താന്‍ അന്നത്തെ സാഹചര്യത്തില്‍ കഴിഞ്ഞില്ല. വിവാഹവും നാടക തിരക്കുമായി ജീവിതം തിരക്കിലായി.

കുറച്ചുവര്‍ഷം മുന്നേ ആന്റണിയുടെ മരണത്തോടെയുണ്ടായ ഒറ്റപ്പെടല്‍ മാറാന്‍ പഠനത്തിലേക്ക് തിരിയുകയായിരുന്നു. മക്കളും കട്ടസപ്പോര്‍ട്ടുമായി കൂടെ നിന്നു.

Read Also: ‘തെരുവുനായ്ക്കളെ നശിപ്പിച്ചപ്പോഴാണ് സൂറത്തില്‍ പ്ലേഗ് ഉണ്ടായത്’: നായ്ക്കളും മനുഷ്യരും ഒരുമിച്ചുകഴിയുകയാണ് വേണ്ടത്; മേയര്‍ ബീന ഫിലിപ്പ്

പാണാവള്ളി എന്‍എസ്എസ് സ്‌കൂളിലെ കേന്ദ്രത്തിലാണ് തുല്യത ക്ലാസില്‍ പങ്കെടുത്തത്. പ്രേരക് രമണിയുടെ സഹായത്തോടെ പാഠഭാഗങ്ങള്‍ ഹൃദിസ്ഥമാക്കിയാണ് തയ്യാറെടുത്തത്. ചേര്‍ത്തല ഗവ. ഗേള്‍സ് എച്ച്എസ്എസിലെ കേന്ദ്രത്തില്‍ ലീനക്കൊപ്പം മറ്റ് 23 പേര്‍കൂടി പരീക്ഷയെഴുതുന്നുണ്ട്.

നാടകത്തില്‍ നിന്നും ‘മഹേഷിന്റെ പ്രതികാരം’ സിനിമയില്‍ അമ്മച്ചിയായാണ് ലീന വെള്ളിത്തിരയില്‍ എത്തിയത്. അതില്‍ ഭര്‍ത്താവ് ആന്റണിയും ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ജോ ആന്റ് ജോ, മകള്‍ എന്നീ സിനിമകളിലും ലീന അഭിനയിച്ചു.

Exit mobile version