സര്‍ക്കാര്‍ സംരംഭകര്‍ക്ക് ഒപ്പം: തലശ്ശേരിയിലെ ദമ്പതികളുടെ ഫര്‍ണിച്ചര്‍ കട വീണ്ടും തുറന്നു

കണ്ണൂര്‍: തലശ്ശേരി മിനി വ്യവസായ പാര്‍ക്കില്‍ നഗരസഭ പൂട്ടിയ ഫര്‍ണീച്ചര്‍ സ്ഥാപനം തുറന്നു കൊടുത്തുവെന്ന് മന്ത്രി പി രാജീവ്. ഇന്നലെ തന്റെ ഓഫീസില്‍ നിന്ന് ഇവരുമായി ഫോണില്‍ ബന്ധപ്പെടുകയും സംരംഭം മുന്നോട്ടുകൊണ്ടുപോകുന്നതിന് നിയമപരമായി ചെയ്യാന്‍ സാധിക്കുന്ന സഹായങ്ങള്‍ നല്‍കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നുവെന്നും മന്ത്രി പറഞ്ഞു.

ഫര്‍ണീച്ചര്‍ വ്യവസായ സ്ഥാപനത്തിന് നഗരസഭ പൂട്ടിട്ടതില്‍ മനം മടുത്ത് നാടുവിട്ട ദമ്പതിമാരെ രാവിലെ സിപിഎം പ്രാദേശിക നേതാക്കള്‍ വീട്ടിലെത്തി കണ്ടിരുന്നു. ജില്ലാ കമ്മറ്റി നിര്‍ദ്ദേശ പ്രകാരമാണ് നേതാക്കളെത്തിയത്. നഗരസഭയുടെ ഭാഗത്തുനിന്നും ഇനി ബുദ്ധിമുട്ട് ഉണ്ടാകില്ലെന്ന് നേതാക്കള്‍ ഉറപ്പ് നല്‍കിയിരുന്നു. നഗരസഭയ്ക്ക് എതിരെ ഇനി മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അധികൃതര്‍ പത്ത് മണിയോടെ നേരിട്ടെത്തി കടലാസുകള്‍ കൈമാറിയത്. ഹൈക്കോടതി നിര്‍ദേശപ്രകാരമുള്ള പിഴ രാജ് കബീര്‍ അടച്ചു.

തിരിച്ചെത്തിയ ദമ്പതികള്‍ക്ക് അധികൃതര്‍ നേരിട്ടെത്തി താക്കോല്‍ കൈമാറി. കേരളം എന്തുകൊണ്ട് സംരംഭക സൗഹൃദമാകുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണ് തലശ്ശേരിയിലേത്. അപൂര്‍വമായുണ്ടാകുന്ന വീഴ്ചകള്‍ കണ്ടെത്തി തിരുത്തുകയും സംരംഭകര്‍ക്ക് മുന്നോട്ടുപോകാനുള്ള സഹായം ചെയ്യുകയുമാണ് സര്‍ക്കാര്‍.

മുന്‍കാലങ്ങളില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ പോലും ഏറെ പ്രയാസമായിരുന്നെങ്കില്‍ ഇപ്പോള്‍ ഒരു ദിവസം കൊണ്ട് കെ-സ്വിഫ്റ്റ് വഴി അനുമതി ലഭിക്കുന്നു. മുന്‍പ് അടിക്കടിയുള്ള പരിശോധനകള്‍ സംരംഭകര്‍ പരാതിയായി ഉന്നയിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ കെ-സിസ് സംവിധാനം വഴി സുതാര്യമായ വിധത്തില്‍ പരിശോധനകള്‍ സംഘടിപ്പിക്കാന്‍ സാധിക്കുന്നുവെന്നും പി രാജീവ് പറഞ്ഞു.

വ്യവസായങ്ങളെ ബാധിക്കുന്ന കാലഹരണപ്പെട്ട ചട്ടങ്ങള്‍ ഒഴിവാക്കാനും ഈ സര്‍ക്കാര്‍ തയ്യാറായി. ഇതിന്റെയെല്ലാം ഫലമായി കേരളത്തിലേക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിനകം 7,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങളും കടന്നുവന്നു. 2022 മാര്‍ച്ച് 30ന് ആരംഭിച്ച സംരംഭക വര്‍ഷം പദ്ധതി അഞ്ച് മാസം പൂര്‍ത്തിയാകുന്നതിന് മുന്‍പ് 50,000 സംരംഭങ്ങള്‍ കേരളത്തില്‍ ആരംഭിക്കുകയും ഇതിലൂടെ 1,10,000 ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുകയും ചെയ്തു.

നാം മുന്നോട്ടുകുതിക്കുകയാണ് എന്നതുകൊണ്ട് നമ്മള്‍ എല്ലാം തികഞ്ഞവരാകുന്നു എന്ന ധാരണ സര്‍ക്കാരിനില്ല. അതുകൊണ്ട് തന്നെ ഒറ്റപ്പെട്ടതായി ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിക്കൊണ്ട് സംരംഭകര്‍ക്കൊപ്പം മുന്നോട്ടുപോകും. തലശ്ശേരിയിലെ ദമ്പതികള്‍ക്ക് തങ്ങളുടെ വ്യവസായം കൂടുതല്‍ വിപുലീകരിച്ച് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയട്ടെ എന്നാശംസിക്കുന്നുവെന്നും വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.

തലശ്ശേരി മിനി വ്യവസായ പാര്‍ക്കിലെ ഫര്‍ണിച്ചര്‍ നിര്‍മ്മാണ യൂണിറ്റിന് മുന്‍ വശം ഷീറ്റ് ഇട്ടു എന്ന് ആരോപിച്ചാണ് നാലര ലക്ഷം പിഴ അടക്കാന്‍ നഗരസഭ നിര്‍ദേശിച്ചത്. കൊവിഡില്‍ പ്രതിസന്ധിയിലാണെന്നും പിഴ തുക കുറക്കണമെന്നും അഭ്യര്‍ത്ഥിച്ച് പലതവണ രാജ് കബീര്‍ സമീപിച്ചെങ്കിലും ജൂലൈ 27ന് സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്ത് താഴിട്ട് പൂട്ടുകയാണ് നഗരസഭ ചെയ്തത്.

ഇതിനെതിരെ ഹൈക്കോടതിയില്‍ പോയി രാജ് കബീര്‍ അനുകൂല വിധി നേടി. പിഴത്തുകയുടെ 10 ശതമാനം അടച്ച് സ്ഥാപനം പ്രവര്‍ത്തിക്കാം എന്ന ഉത്തരവ്, പക്ഷെ നഗരസഭ അവഗണിച്ചു. തുടര്‍ന്ന് ലക്ഷങ്ങള്‍ മുടക്കി തുടങ്ങിയ സ്ഥാപനം പൂട്ടിച്ച തലശ്ശേരി നഗരസഭയ്‌ക്കെതിരെ, ജീവിക്കാന്‍ സമ്മതിക്കുന്നില്ലെന്ന് കത്തെഴുതി വച്ച് ചൊവ്വാഴ്ച നാടുവിട്ട രാജ് കബീറിനെയും ഭാര്യയേയും, വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് കോയമ്പത്തൂരില്‍ നിന്ന് കണ്ടെത്തിയത്. രാജ് കബീറിന്റേയും ഭാര്യ ശ്രീവിദ്യയുടേയും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നുള്ള പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്.

Exit mobile version