അത് തമിഴ്‌നാട്ടിലെ കുഴി! സിനിമ കണ്ടവരോട് ചോദിക്കൂ; സൈബര്‍ ആക്രമണത്തില്‍ കുഞ്ചാക്കോ ബോബന്‍

കൊച്ചി: സിനിമ പരസ്യം സര്‍ക്കാരിനെതിരല്ലെന്ന് ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയുടെ പോസ്റ്റര്‍ വിവാദത്തില്‍ നടന്‍ കുഞ്ചാക്കോ ബോബന്‍. പരസ്യം സര്‍ക്കാരിനെതിരല്ല. എന്നാല്‍ ഒരു സാമൂഹികപ്രശ്‌നം ഉന്നയിക്കുന്നു. പരസ്യം കണ്ടപ്പോള്‍ ചിരിച്ചു, ആസ്വദിച്ചു. കേരളത്തിലെയല്ല, തമിഴ്‌നാട്ടിലെ കുഴിയാണ് സിനിമയിലെ പ്രതിപാദ്യവിഷയമെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷിയെയോ സര്‍ക്കാരിനെയോ ലക്ഷ്യം വെച്ചുകൊണ്ടല്ല ഈ സിനിമ ഒരുക്കിയിരിക്കുന്നത്. കാലാകാലങ്ങളായി മലയാളികള്‍ അനുഭവിക്കുന്ന ഒരു വിഷയത്തെ ഹാസ്യത്തിന്റെ മേമ്പൊടികളോടെ അവതരിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

‘ഈ സിനിമയില്‍ കുഴി മാത്രമല്ല പ്രശ്‌നം. കുഴി ഒരു പ്രധാനകാരണമാണ്. അത് ഏതൊക്കെ രീതിയില്‍ സാധാരണക്കാരനെ ബാധിക്കുന്നുവെന്നത് കോമഡിയുടെയും സറ്റയറിന്റെയും പിന്തുണയോടെ പറയുന്ന ഒരു ഇമോഷണല്‍ ഡ്രാമയാണ് സിനിമ’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

‘കൊവിഡിന് മുന്നേയുള്ള കാലഘട്ടം മുതല്‍ ഈ സിനിമയില്‍ പറയുന്നുണ്ട്. ഒരു കോര്‍ട്ട് റൂം ഡ്രാമ എന്ന് പറയുമ്പോള്‍ ഒരു ദിവസം തന്നെ കേസടുക്കുന്നു, വിധി പറയുന്നു എന്ന നിലയ്ക്ക് പോകാതെ സ്വഭാവികമായ വളര്‍ച്ച ഇതില്‍ കാണിക്കുന്നുണ്ട്. ഏതെങ്കിലും ഒരു വിഭാഗം രാഷ്ട്രീക്കാരെയോ ജനവിഭാഗത്തെയോ മാത്രം ടാര്‍ഗറ്റ് ചെയ്യുന്ന തരത്തിലല്ല നമ്മള്‍ ഈ സിനിമ ചെയ്തിരിക്കുന്നത്.

മാറി മാറി വരുന്ന എല്ലാ രാഷ്ട്രീയക്കാരും സാധാരണ ജനങ്ങളുടെ അവസ്ഥ മനസിലാക്കണം എന്നാണ് നമ്മള്‍ പറയുന്നത്. ഏതൊക്കെ പ്രശനങ്ങളാണ് ഇവിടെ നടക്കുന്നത് എന്ന് വളരെ സിംപിള്‍ ആയി ആളുകള്‍ക്ക് മനസിലാകുന്ന തരത്തില്‍ നമ്മള്‍ പറഞ്ഞു പോകുന്നു. ഏതെങ്കിലും ഒരു സര്‍ക്കാരിനെ ടാര്‍ഗറ്റ് ചെയ്യുന്ന തരത്തിലല്ല ഇത് ചെയ്തിരിക്കുന്നത്. മാത്രമല്ല ഇത് നടക്കുന്ന കാലഘട്ടം പോലും അങ്ങനെയാണ് നമ്മള്‍ ചിത്രീകരിച്ചിരിക്കുന്നത്’ അദ്ദേഹം വ്യക്തമാക്കി.

‘എത്രയോ വര്‍ഷങ്ങളായി നമ്മള്‍ മലയാളികള്‍ കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും പോരുന്ന കാര്യങ്ങളാണ്. റോഡ് പണികള്‍ നടക്കേണ്ടത് വേനല്‍ക്കാലത്ത് ആണെങ്കില്‍ നടക്കുന്നത് മഴക്കാലത്ത് ആയിരിക്കും. ഒരു റോഡ് നിര്‍മ്മിച്ച ഉടന്‍ തന്നെ ജല വകുപ്പോ വൈദ്യുതി വകുപ്പോ അവരുടെ ആവശ്യത്തിനായി ആ റോഡ് പൊളിക്കും. ഈ വകുപ്പുകള്‍ തമ്മിലുള്ള സഹകരണമില്ലായ്മ നമ്മുടെ അടിസ്ഥാന സൗകര്യത്തെ ബാധിക്കുന്നുണ്ട്.

രാജീവന്‍ എന്ന ഒരു മുന്‍കാല കള്ളന്‍ നല്ല രീതിയില്‍ ജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു കുഴി എങ്ങനെ അയാളുടെ ജീവിതത്തെ മാറ്റി മറിക്കുന്നു എന്നത് സാമൂഹികമായ ഘടകങ്ങളോടെ പറയുന്നു. സിനിമ കാണണോ വേണ്ടയോ എന്നത് അവരുടെ തീരുമാനമാണ്. സിനിമ കണ്ടു കഴിഞ്ഞ ആളുകളോട് ചോദിക്കുക എന്നാണ് എനിക്ക് പറയാനുള്ളത്. ആ പരസ്യം കണ്ടപ്പോള്‍ ഞാന്‍ ചിരിച്ചയാളാണ്. നമ്മള്‍ കാര്യങ്ങളെ കുറച്ച് കൂടെ വിശാലമായി, അതി ഗൗരവമായി കാണാതെ സരസമായി കണ്ടാല്‍ കാര്യങ്ങള്‍ സുഖകരമായി കൊണ്ടുപോകാന്‍ സാധിക്കും.

Exit mobile version