അത് ഞാനല്ല… എന്റെ ശബ്ദം അങ്ങനെയല്ല! തന്റെ പേരില്‍ നടക്കുന്ന ചതിയില്‍പ്പെടാതിരിക്കൂ, മുന്നറിയിപ്പുമായി നടന്‍ ബാബു ആന്റണി

കൊച്ചി: തന്റെ ശബ്ദത്തില്‍ ഫോണില്‍ വിളിച്ചു പറ്റിക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി നടന്‍ ബാബു ആന്റണി. മിമിക്രി കലാകാരന്മാര്‍ അനുകരിക്കുന്ന ശബ്ദത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് തന്റെ ശബ്ദമെന്നും നടന്‍ പറയുന്നു.

ഇത്തരം വ്യാജന്മാരില്‍ വഞ്ചിതരാവാതെ ഇരിക്കണമെന്ന്, അത്തരത്തില്‍ വഞ്ചിതരായ ഒരു കുടുംബം തനിക്കയച്ച മെയിലിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചുകൊണ്ട് നടന്‍ പറയുന്നു.

ബാബു ആന്റണിയുടെ ആരാധകനായ തന്റെ അച്ഛന് ഫേസ്ബുക്കില്‍ നിന്നാണ് നമ്പര്‍ ലഭിച്ചത് എന്നാണ് താരത്തിന് വന്ന മെയിലില്‍ പറയുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ബാബു ആന്റണി ആണെന്നു പറഞ്ഞു പറ്റിക്കുകയാണ്. ഫോണ്‍ വിളിച്ചെങ്കിലും എടുത്തില്ല. തുടര്‍ന്ന് വാട്‌സ്ആപ്പില്‍ മെസേജ് അയച്ചു. റിപ്ലേ ലഭിച്ചു. കാണാനുള്ള താല്‍പ്പര്യം പറഞ്ഞപ്പോള്‍ പൊന്‍കുന്നം വരാന്‍ പറഞ്ഞു.

മണിക്കൂറുകളോളം അവിടെ കാത്തു നിന്നിട്ടും വരാതെയിരുന്നതോടെയാണ് വഞ്ചിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്. തുടര്‍ന്നാണ് താരത്തിന്റെ മെയില്‍ ഐഡി കണ്ടെത്തി ബന്ധപ്പെട്ട് ഈ വിവരം അറിയിച്ചത്.

‘ദയവായി ഇത്തരം വ്യാജന്മാരില്‍ വഞ്ചിതരാകരുത്. മിക്ക മിമിക്രി കലാകാരന്മാരും അനുകരിക്കുന്ന ശബ്ദത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് എന്റെ ശബ്ദം. ഈയിടെ പങ്കെടുത്തൊരു ടിവി ഷോയില്‍ ഞാന്‍ അത് വ്യക്തമാക്കിയതാണ്. ജാക്സണ്‍ എന്ന കഥാപാത്രത്തിന് വേണ്ടി സൃഷ്ടിച്ച ‘നാടോടി’ എന്ന സിനിമയില്‍ നിന്നാണ് അവര്‍ എന്റെ ശബ്ദം കൂടുതലായി അനുകരിക്കുന്നത്. യഥാര്‍ത്ഥ ജീവിതത്തില്‍ ജാക്‌സനെപ്പോലെ ഞാന്‍ ചിരിക്കുക പോലും ചെയ്യാറില്ല’ ബാബു ആന്റണി ഫേസ്ബുക്കില്‍ കുറിച്ചു.

Exit mobile version